അയാള്‍ക്ക് സഹിഷ്ണുത കുറവ്, ഇന്ത്യന്‍ കോച്ചിനെതിരെ ആഞ്ഞടിച്ച് കാര്‍ത്തിക്

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്. നേട്ടങ്ങള്‍ കൈവരിക്കാന്‍ രവി ശാസ്ത്രി കളിക്കാരെ പ്രേരിപ്പിക്കാറുണ്ടെങ്കില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് ടീം പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന് സഹിഷ്ണുത കുറവായിരുന്നുവെന്നാണ് കാര്‍ത്തിക് ആരോപിക്കുന്നത്.

ശാസ്ത്രി ഇന്ത്യന്‍ പരിശീലകനായിരുന്ന കാലത്ത് പ്രത്യേകിച്ച് 2019 ലോകകപ്പ് സമയത്ത്, കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

‘തനിക്ക് ഇഷ്ടപ്പെടാത്ത ഒരു നിശ്ചിത വേഗതയില്‍ ബാറ്റ് ചെയ്യാത്ത ഒരാളോട് അല്ലെങ്കില്‍ നെറ്റ്സിലും മത്സരത്തിലും വളരെ വ്യത്യസ്തമായി കളിക്കുന്ന ഒരാളോട് അദ്ദേഹത്തിന് സഹിഷ്ണുത കുറവാണ്’ കാര്‍ത്തിക് പറഞ്ഞു.

”അദ്ദേഹം അങ്ങനെയുളളവരെ അഭിനന്ദിക്കില്ല. ടീമില്‍ നിന്ന് തനിക്ക് എന്താണ് വേണ്ടതെന്ന് ശാസ്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു, ആരൊക്കെ കളിക്കുമെന്ന് ശാസ്ത്രിക്ക് അറിയാമായിരുന്നു, പക്ഷേ പരാജയങ്ങളോടുള്ള സഹിഷ്ണുത വളരെ കുറവായിരുന്നു. അദ്ദേഹം എപ്പോഴും താരങ്ങളെ നന്നായി ചെയ്യാന്‍ പ്രേരിപ്പിക്കുമായിരുന്നു’ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മ്മ-രാഹുല്‍ ദ്രാവിഡ് യുഗത്തിലാണ് തനിക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്നും കാര്‍ത്തിക് പറയുന്നു. ഏഷ്യ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ കളിയ്ക്കുന്ന കാര്‍ത്തിക് ലോകകപ്പിലും ഇന്ത്യയ്ക്കായി കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

You Might Also Like