വിസ്‌ഫോടന ബാറ്റിംഗുമായി ഷാറൂഖ്, അതൊരു ഐപിഎല്‍ ലോട്ടറിയല്ല

ഐപിഎല്‍ 14ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ പഞ്ചാബ് കിങ്‌സ് സ്വപ്ന വിലയ്ക്ക് സ്വന്തമാക്കിയ തമിഴ്‌നാട് യുവ താരം ഷാരൂഖ് ഖാന്‍ തന്നെ വെറുതെയൊന്നുമല്ല അവര്‍ തിരഞ്ഞൈടുത്തതെന്ന് തെളിയിച്ച് തുടങ്ങി. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഷാറൂഖ് തമിഴ്‌നാടിന്റെ വിജയശില്‍പിയായി.

ഐപിഎലിലെ പഞ്ചാബ് കിങ്‌സ് 5.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഷാരൂഖ് ഖാന്റെ പ്രഹരത്തില്‍ തകര്‍ന്നുവീണത് മന്‍ദീപ് സിങ് നയിച്ച പഞ്ചാബ് ടീമാണെന്നതാണ് രസകരമായ സംഭവം. വിജയ് ഹസാരെ ട്രോഫിയില്‍ എലീറ്റ് ഗ്രൂപ്പ് ബിയിലെ ആദ്യ മുഖാമുഖത്തിലാണ് തമിഴ്‌നാട് പഞ്ചാബിനെ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നേടിയത് നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ്. ഗുര്‍കീരത് മാന്റെ സെഞ്ചുറിയും (121 പന്തില്‍ പുറത്താകാതെ 139), പ്രഭ്‌സിമ്രാന്‍ സിങ് (84 പന്തില്‍ 71), സന്‍വീര്‍ സിങ് (53പന്തില്‍ 58) എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 121 പന്തില്‍ 14 ഫോറും ഏഴു സിക്‌സും സഹിതമാണ് ഗുര്‍കീരത് 139 റണ്‍െസടുത്തത്. ഒരു ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത ഷാരൂഖ് ഖാന് ബോളിങ്ങില്‍ തിളങ്ങാനായില്ല.

289 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ തമിഴ്‌നാടിന്റെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ എന്‍.ജഗദീശനായിരുന്നു. 103 പന്തില്‍ 14 ഫോറും രണ്ടു സിക്‌സും സഹിതം ജഗദീശന്‍ നേടിയത് 101 റണ്‍സ്. 115 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 88 റണ്‍സെടുത്ത ബാബാ അപരാജിതിന്റെ ഇന്നിങ്‌സും നിര്‍ണായകമായി. രണ്ടാം വിക്കറ്റില്‍ ഇവര്‍ തകര്‍പ്പന്‍ സെഞ്ചുറി കൂട്ടുകെട്ടിലൂടെ (197 പന്തില്‍ 185 റണ്‍സ്) തമിഴ്‌നാട് ഇന്നിങ്‌സിന് അടിത്തറയിട്ടു.

ഇടയ്ക്ക് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് (13 പന്തില്‍ 19) കാര്യമായ സംഭാവന കൂടാതെ മടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ ക്രീസില്‍ ഉറച്ചുനിന്ന ഷാരൂഖ് ഖാന്‍ തമിഴ്‌നാടിനെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറുകളില്‍ ബാക്കിയുള്ള പന്തും വിജയത്തിലേക്ക് ആവശ്യമായ റണ്ണും തമ്മിലുള്ള അന്തരം വര്‍ധിച്ചെങ്കിലും, തകര്‍ത്തടിച്ച ഷാരൂഖ് ടീമിന്റെ വിജയശില്‍പിയായി. 36 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം ഷാരൂഖ് 55 റണ്‍സടിച്ചതോടെ ഒരു ഓവര്‍ ബാക്കിനില്‍ക്കെ തമിഴ്‌നാട് വിജയത്തിലെത്തി. ഐപിഎല്ലിലെ മിന്നും ബോളര്‍മാരായ സന്ദീപ് ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് മാര്‍ക്കണ്ഡെ, അഭിഷേക് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബോളിങ് നിരയെയാണ് ഷാരൂഖും സംഘവും തകര്‍ത്തെറിഞ്ഞത്. ബാബാ ഇന്ദ്രജിത്ത് 20 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു

 

You Might Also Like