“റൊണാൾഡോ ഒരു കാര്യം മികച്ച രീതിയിൽ ചെയ്യുമ്പോൾ മെസി ചെയ്യുന്നത് രണ്ടു കാര്യം”- ഏറ്റവും മികച്ച താരമാരെന്ന തർക്കം അവസാനിക്കുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായി മാറിയതു മുതൽ ഉയരുന്ന തർക്കമാണ് ഇവരിൽ ആരാണ് ഏറ്റവും മികച്ചതെന്നത്. ഇരുവരുടെയും ആരാധകർക്ക് തങ്ങൾ പിന്തുണക്കുന്ന താരമാണ് മികച്ചതെന്നു പറയാൻ നിരവധിയായ കാര്യങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഒരുപാട് കാലം കൃത്യമായൊരു ഉത്തരം കണ്ടെത്താൻ കഴിയാതെ ഈ തർക്കം തുടർന്നു.

എന്നാൽ കഴിഞ്ഞ ഖത്തർ ലോകകപ്പിൽ മെസി കിരീടം നേടിയതോടെ ഈ തർക്കത്തിന് ഒരു അവസാനമുണ്ടായി. റൊണാൾഡോയെ പിന്തുണച്ച പലരും ലയണൽ മെസിയാണ് മികച്ച താരമെന്നു വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോൾ ശാസ്ത്രീയമായ ചില പഠനങ്ങളും ലയണൽ മെസിയാണ് എക്കാലത്തെയും ഏറ്റവും മികച്ച താരമെന്നു തെളിയിച്ചുവെന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്.

ലിവർപൂളിലെ ഡയറക്റ്റർ ഓഫ് റിസർച്ച് ആയ ഇയാൻ ഗ്രഹാം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെൽറ്റൻഹാം സയൻസ് എക്‌സിബിഷനിൽ സംസാരിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരമാണ് മെസിയെന്നു പറഞ്ഞ അദ്ദേഹം അതിനുള്ള കാരണവും വെളിപ്പെടുത്തുകയുണ്ടായി.

“അത് മെസിയാണ്, അതിന്റെ കാരണം, മെസിയൊരു ലോകോത്തര അറ്റാക്കിങ് മിഡ്‌ഫീൽഡർ കൂടിയാണെന്നതാണ്. റൊണാൾഡോയെ അപേക്ഷിച്ചു നോക്കുമ്പോൾ മെസി സഹതാരങ്ങൾക്ക് ഒരുക്കി നൽകുന്ന അവസരങ്ങൾ മറ്റൊരു തലത്തിലുള്ളവയാണ്. മെസി രണ്ടു ജോലിയും റൊണാൾഡോ ഒരു ജോലിയും ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്നു. അതാണ് വ്യത്യാസം.” അദ്ദേഹം പറഞ്ഞു.

റൊണാൾഡോയെ അപേക്ഷിച്ച് ലയണൽ മെസി ഒരു ഗംഭീര പ്ലേമേക്കർ കൂടിയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഗോളുകൾ അടിച്ചു കൂട്ടുന്നതിനൊപ്പം ഗോളടിക്കാനുള്ള അവസരങ്ങളും താരം ഒരുക്കി നൽകുന്നു. ഇക്കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്കായി പതിനാറു ഗോളുകളും പതിനാറ് അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്.

You Might Also Like