പാരഗ്വായുമായി സമനില, വീഡിയോ റഫറിയിങ്ങിനെ കുറ്റപ്പെടുത്തി അർജന്റീന പരിശീലകൻ

പാരഗ്വായുമായി നടന്ന മൂന്നാമത്തെ ലോകകപ്പ് യോഗ്യതാമത്സരത്തിൽ സ്വന്തം തട്ടകത്തിൽ അർജന്റീനക്ക് സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. പാരഗ്വായ്ക്കായി അൽമിറോണെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഏയ്ഞ്ചൽ റോമേറോ ഗോളിലെത്തിച്ചപ്പോൾ അർജന്റീനക്കായി ഹെഡർ ഗോളിലൂടെ നിക്കോളാസ് ഗോൺസാലസ് സമനില ഗോൾ നേടുകയായിരുന്നു.

എന്നാൽ മത്സരത്തിൽ മെസി നേടിയ രണ്ടാം ഗോൾ വീഡിയോ റഫറിമാർ ഇടപെട്ട് ഒഴിവാക്കിയിരുന്നു. ഗോൾ നേടിയ മുന്നേറ്റത്തിൽ പാരഗ്വായ് താരത്തെ ഫൗൾ ചെയ്തതിനു വീഡിയോ റഫറിയിങ്ങിലൂടെ ഗോൾ നിഷേധിക്കുകയായിരുന്നു. എന്നാൽ റഫറിയുടെ മുന്നിൽ വെച്ചു നടന്ന ഒരു ഫൗളിനു ശേഷം അർജന്റീനയെ കളി തുടരാൻ അനുവദിച്ച റഫറി ഗോൾ നേടിയ ശേഷമാണ് വീഡിയോ റഫറിയിങ്ങിനെ പരിഗണിച്ചതെന്നും വിമർശനമുണ്ടായിരുന്നു.

മത്സരത്തിനിടെ അർജന്റീനിയൻ മധ്യനിരതാരം എക്സെക്യൽ പലാഷ്യോസിന്റെ പിറകിൽ കാൽമുട്ട് കയറ്റി പരിക്കു പറ്റിയിരുന്നു. അത്രയും മാരകമായ ഫൗളിനെ വീഡിയോ റഫറി എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും ആരോപണമുയരുന്നു. ആ ഫൗളിന് ഒരു മഞ്ഞക്കാർഡ് പോലും ബ്രസീലിയൻ റഫറി നൽകിയില്ലെന്നതും വസ്തുതയാണ്. മത്സരശേഷം അർജന്റീന പരിശീലകൻ സ്കലോനിയും വീഡിയോ റഫറിയങ്ങിന്റെ തീരുമാനങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു.

” എനിക്ക് തോന്നുന്നത് വീഡിയോ റഫറിയിങ്ങിനെ ഒന്നുകൂടി ഏകോപിപ്പിക്കേണ്ടതുണ്ടെന്നാണ്. അത് നല്ലതാണോ ചീത്തയാണോ എന്നല്ല ഞാൻ പറയാനുദ്ദേശിക്കുന്നത്. മറിച്ച് ഏകോപനമാണ് ആവശ്യം. ഞങ്ങൾക്ക് ഒരു താരത്തെ ദിവസങ്ങളോ മാസങ്ങൾക്കോ നഷ്ടപ്പെട്ടിരിക്കുകയാണ്. അവിടെ ഒരു താരത്തിനു ഇടി കിട്ടിയിരുന്നു. പക്ഷെ വീഡിയോ റഫറി പരിശോധിച്ചത് പോലുമില്ല. ” സ്‌കലോനി കുറ്റപ്പെടുത്തി.

You Might Also Like