പോണ്ടിച്ചേരിയ്‌ക്കെതിരെയും ഗോള്‍ പ്രവാഹം, ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം ഫൈനല്‍ റൗണ്ടില്‍

സന്തോഷ് ട്രോഫിയില്‍ കേരളത്തോട് ഏറ്റുമുട്ടി വലനിറച്ചിരിക്കുകയാണ് പോണ്ടിച്ചേരിയും. ഫൈനല്‍ റൗണ്ടിലെത്താന്‍ ഒരു സമനില മാത്രം മതിയായിരുന്ന കേരളം ഒന്നിനെതിരെ നാല് ഗോളിലാണ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പോണ്ടിച്ചേരിയെ തകര്‍ത്തത്.

ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്‍ന്മാരായി തന്നെ കേരളം സന്തോഷ് ട്രോഫി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. മത്സരത്തില്‍ സമനിലയ്ക്കായി ഒരു ഘട്ടത്തിലും ശ്രമിക്കാതിരുന്നു ബിനോ ജോര്‍ജ്ജിന്റെ കുട്ടികള്‍ ആക്രമണ ഫുട്‌ബോള്‍ അഴിച്ച് വിട്ടാണ് പോണ്ടിച്ചേരിക്കാരെ സമ്മര്‍ദ്ദത്തിലാക്കിയത്.

മത്സരത്തിന്റെ 21ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. നിജോ ഗില്‍ബേര്‍ട്ട് ആണ് പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചത്. താരത്തിന്റെ ഈ സന്തോഷ് ട്രോഫിയിലെ നാലാം ഗോളായിരുന്നു ഇത്.

ഈ ഗോളിന് ശേഷം മൂന്ന് മിനുട്ടിനകം കേരളം രണ്ടാം ഗോള്‍ നേടി. ക്യാപ്റ്റന്‍ അര്‍ജുന്‍ ജയരാജ് ആണ് പന്ത് വലയിലേക്ക് എത്തിച്ചത്.

ആന്‍സണിലൂടെ 39ആം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി പോണ്ടിച്ചേരി തിരിച്ചുവരവ് പ്രതീക്ഷ നല്‍കി. എന്നാല്‍ രണ്ടാം പകുതിയില്‍ 55ാം മിനുട്ടില്‍ നൗഫല്‍ കേരളത്തിന് വീണ്ടും രണ്ട് ഗോളിന്റെ ലീഡ് നല്‍കി. പിന്നാലെ ബുജൈര്‍ കൂടെ ഗോള്‍ നേടിയതോടെ കേരളം മൂന്ന് പോയിന്റ് ഉറപ്പിച്ചു.

മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരങ്ങളില്‍ കേരളം ലല്‍ഷദ്വീപിനെ 5-0ത്തിനും ആന്‍ഡമാനെ 9-0ത്തിനും തോല്‍പ്പിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നായി 18 ഗോളുകള്‍ ആണ് കേരളം നേടിയത്. ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.

You Might Also Like