ഇന്ത്യ വിടാനൊരുങ്ങി സഞ്ജു, തകര്‍പ്പന്‍ നീക്കത്തിനൊരുങ്ങുന്നു

മലയാളി താരം സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ മൈ ഖേല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ ടീമിലേക്കു ശക്തമായൊരു തിരിച്ചുവരവ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണത്രെ സഞ്ജു കൗണ്ടി കളിക്കാന്‍ ഒരുങ്ങുന്നത്.

ഈ വര്‍ഷം തന്നെ കൗണ്ടി ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു ടീമിനൊപ്പം നമുക്കു സഞ്ജുവിനെ കാണാന്‍ സാധിച്ചേക്കും. സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി അതു വഴി വീണ്ടും ദേശീയ ടീമിലേക്കു വരാനും തന്റെ സ്ഥാനമുറപ്പിക്കാനുമാണ് സഞ്ജു ഇതിലൂടെ ലക്ഷ്യമിടുന്നതത്രെ.

സമീപകാലത്തു ദേശീയ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ചില പ്രമുഖ താരങ്ങള്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിരുന്നു. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര, വെടിക്കെട്ട് താരം പൃഥ്വി ഷാ, പേസര്‍ ഉമേഷ് യാദവ്, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, പേസര്‍ നവദീപ് സെയ്നി എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പുജാര മിന്നുന്ന പല പ്രകടനങ്ങളും നടത്തുകയും ദേശീയ ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. പൃഥ്വിയാകട്ടെ അടുത്തിടെ കൗണ്ടിയിലെ 50 ഓവര്‍ മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറിയും കുറിച്ചിരുന്നു.

ഈ മാസം ചൈനയിലെ ഗ്വാങ്ഷുവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍ നിന്നായിരുന്നു സഞ്ജു ആദ്യം തഴയപ്പെട്ടത്. ഇതോടെ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിക്കു കാരണം ലോകകപ്പില്‍ നിന്നും പിന്‍മാറിയതും ബാക്കപ്പായിരുന്ന കെഎല്‍ രാഹുലിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള സംശയങ്ങളുമായിരുന്നു ഇതിനു കാരണം.

പക്ഷെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡില്‍ നിന്നും സഞ്ജു തഴയപ്പട്ടതോടെ ലോകകപ്പ് സ്‌ക്വാഡിലും അദ്ദേഹത്തിനു ഇടം ലഭിച്ചേക്കില്ലെന്ന സംശയം ബലപ്പെട്ടു. രാഹുലിന്റെ ഫിറ്റ്‌നസ് പ്രശ്നങ്ങളെ തുടര്‍ന്നു ഏഷ്യാ കപ്പില്‍ ബാക്കപ്പായി (ട്രാവലിങ് റിസര്‍വ്) സഞ്ജുവിനെ ടീം തങ്ങള്‍ക്കൊപ്പം കൂട്ടിയിരുന്നു.

പക്ഷെ സൂപ്പര്‍ ഫോറിനു മുമ്പ് രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേര്‍ന്നതോടെ അദ്ദേഹത്തിന്റെ പ്രതീക്ഷ അവസാനിക്കുകയും ചെയ്തു. സൂപ്പര്‍ ഫോറിലെ പാകിസ്താനുമായുള്ള ആദ്യ മല്‍സരത്തിനു മുമ്പ് തന്നെ സഞ്ജുവിനെ ഇന്ത്യ നാട്ടിലേക്കും അയച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ പുതിയ നീക്കം.

 

You Might Also Like