ലോകകപ്പിന് ശേഷം സഞ്ജു ഇന്ത്യയുടെ ക്യാപ്റ്റനാകും, നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

Image 3
CricketCricket News

മലയാളി താരം സഞ്ജു സാംസണിന്റെ കരിയറില്‍ വഴിത്തിരിവ് ആയിരിക്കുന്ന വര്‍ഷമാണ് 2024. ഇന്ത്യയുടെ ടി20 ലോകകപ്പ ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജുവിനായി എന്നതാണ് ഏറ്റവും വലിയ നേട്ടം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനോടൊപ്പം അദ്ദേഹം കിരീടത്തിലേക്കും കുതിക്കുകയാണ്.

അതെസമയം അധികം വൈകാതെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി സഞ്ജുവിനെ തേടിയെത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. സഞ്ജുവിനെ തേടി ഇന്ത്യയെ നയിക്കാനുളള അവസരം ലഭിക്കുമെന്നതാണ് അത്. ടി20 ലോകകപ്പിനു ശേഷം ജൂലൈയില്‍ സിംബാബ്വെയുമായി ടി20 പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. അഞ്ചു ടി20കളുടെ ഈ പരമ്പരയില്‍ സഞ്ജു നായകനായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

ടി20 ലോകകപ്പ് ജൂണ്‍ അവസാനത്തോടെയാണ് അവസാനിക്കുന്നത്. ലോകകപ്പ് കഴിഞ്ഞാല്‍ മുന്‍നിര താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയേക്കും. അതുകൊണ്ടു തന്നെ സിംബാബ്വെയ്ക്കെതിരേ ഐപിഎല്ലില്‍ തിളങ്ങിയ യുവനിരയെ ആയിരിക്കും ഇന്ത്യ പരീക്ഷിക്കുക. ഈ പരമ്പരയില്‍ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, മായങ്ക് യാദവ് തുടങ്ങി ഒരുപിടി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയേക്കും.

ഐപിഎല്ലില്‍ സഞ്ജുവിന്റെ ഗംഭീര ക്യാപ്റ്റന്‍സി എല്ലാവരെയും ആകര്‍ഷിച്ചു കളിഞ്ഞു. സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കുമെല്ലാം അദ്ദേഹത്തിന്റെ നേതൃമികവിനെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. ഇന്ത്യന്‍ ടീമിനെയും സഞ്ജുവിനു ഉജ്ജ്വലമായി നയിക്കാന്‍ സാധിക്കുമെന്നും അവര്‍ക്കു ഉറപ്പുണ്ട്. സീനിയര്‍ കളിക്കാരുടെ അഭാവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് അളക്കാനുള്ള ഏറ്റവും നല്ല അവസരമായിരിക്കും സിംബാബ്വെയുമായുള്ള ടി20 പരമ്പര.