ടീം ഇന്ത്യയില്‍ നിന്ന് പുറത്താകല്‍, ആദ്യ പ്രതികരണവുമായി സഞ്ജു സാംസണ്‍

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മലയാളി താരം സഞ്ജു വി സാംസണ്‍. താന്‍ അങ്ങേയറ്റം സന്തുഷ്ടനാണെന്നും പോസിറ്റീവ് മൈന്‍ഡാണ് ഇപ്പോഴുളളതെന്നും കാണിക്കുന്ന ഒരു സ്‌മൈലിയാണ് സഞ്ജു വി സാംസണ്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

തിങ്കളാഴ്ച്ച രാത്രിയാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് ഏകദിന മത്സരത്തിലും അഞ്ചോളം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചെങ്കിലും ഏഷ്യ കപ്പില്‍ ഏക ബാക്ക് അപ്പ് പ്ലെയര്‍ ആയിട്ട് കൂടി സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമാണ് ടീം ഇന്ത്യയ്‌ക്കെതിരെ നടക്കുന്നത്.

ഇതിനിടെയാണ് ഇക്കാര്യത്തില്‍ തന്റെ പ്രതികരണം ഒരു ഇമോജി രൂപത്തില്‍ പരോക്ഷമായി പ്രകടിപ്പിച്ചത്. സഞ്ജുവിനെ ആശ്വസിപ്പിച്ചെത്തുന്ന സന്ദേശങ്ങള്‍ക്കുളള മറുപടി കൂടിയാണിത്.

ഏകദിനത്തില്‍ മോശം റെക്കോര്‍ഡുളള സൂര്യകുമാര്‍ യാദവും രണ്ട് ഏകദിനം മാത്രം കളിച്ച ഗെയ്ക്കുവാദും അരങ്ങേറ്റത്തില്‍ തന്നെ നിരാശപ്പെടുത്തി തിലക് വര്‍മ്മയും എല്ലാം ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചപ്പോഴാണ് മലയാളി താരം ലോകകപ്പ് പദ്ധതികളില്‍ നിന്ന് പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടത്.

അതെസമയം ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ ആര്‍ അശ്വിന്റെ തിരിച്ചുവരവാണ് ടീമിലെ പ്രധാന സര്‍പ്രൈസ്. ലോകകപ്പ് ടീമിലേക്കും അശ്വിന് വിളിവരാനുള്ള സാധ്യത കാണുന്നുണ്ട്.

മൂന്നാം ഏകദിനത്തിനുള്ള ടീമിലും അശ്വിനുണ്ട്. അക്സര്‍ പട്ടേല്‍ പരിക്ക് മൂലം പിന്‍മാറുകയാണെങ്കില്‍ അശ്വിനെ പരിഗണിച്ചേക്കും. പരിക്ക് മാറിയാല്‍ മാത്രമേ അക്സറിനെ മൂന്നാം ഏകദിനത്തില്‍ കളിപ്പിക്കുകയുള്ളൂവെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അശ്വിന്‍ ലോകകപ്പ് ടീമില്‍ മാസ് എന്‍ട്രി നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

You Might Also Like