അവന്‍ ഊര്‍ജം കൊണ്ടുവന്നു, ക്രെഡിറ്റ് മുഴുവന്‍ സഹതാരങ്ങള്‍ക്ക് നല്‍കി സഞ്ജു

ഐപിഎല്ലല്‍ കരുത്തരായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പിക്കാനായതിന്റെ മുഴുവന്‍ ക്രെഡിറ്റും സഹതാരങ്ങള്‍ക്ക് നല്‍കി രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍. സഹതാരങ്ങളുടെ മികച്ച പ്രകടനത്തിനൊപ്പം രാജസ്ഥാന്‍ റോയല്‍സ് ചില നല്ല തീരുമാനങ്ങള്‍ കൈകൊണ്ടതും വിജയത്തിന് നിര്‍ണ്ണായകമായെന്ന് രാജസ്ഥാന്‍ നായകന്‍ വിലയിരുത്തുന്നു.

ലക്‌നൗവിനെതിരായ മത്സരത്തില്‍ ടീമിലേക്ക് വന്ന ജെയിംസ് നീഷാം ഫീല്‍ഡില്‍ കൂടുതല്‍ ഊര്‍ജ്ജം കൊണ്ടു വന്നെന്നും സംസാരത്തിനിടെ സഞ്ജു വ്യക്തമാക്കി. സ്‌കോര്‍ പ്രതിരോധിക്കാന്‍ ഏറെ നിലവാരമുള്ള ബോളിംഗ് നിരയാണ് രാജസ്ഥാനുള്ളതെന്നും അശ്വിന്റെ പേരെടുത്ത് പറഞ്ഞ് സഞ്ജു പറഞ്ഞു.

‘ഈ വിജയം തൃപ്തികരമാണ്. ആദ്യം ബാറ്റ് ചെയ്യുന്നതാണ് ഞങ്ങള്‍ക്ക് നന്നായി യോജിക്കുന്നത്, പോസിറ്റീവായി ബാറ്റ് ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ബൗളിംഗ് യൂണിറ്റും മികച്ചതാണ്’ സഞ്ജു പറഞ്ഞു.

അശ്വിനോട് തമിഴ് സംസാരിച്ചതിനെ കുറിച്ചുളള ഹര്‍ഷ ഭോഗ്ലേയുടെ ചോദ്യത്തിന് തനിയ്ക്ക് ധാരാളം തമിഴ് സംസാരിക്കുന്ന സുഹൃത്തുകളുണ്ടെന്നും സിനിമകളും കാണാറുണ്ടെന്നും സഞ്ജു പറഞ്ഞു.

ലഖ്‌നൗവിനെ തോല്‍പിക്കാനായതോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും രാജസ്ഥാന്‍ റോയല്‍സിനായി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് നിശ്ചിത 20 ഓവറില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. 24 റണ്‍സിന്റെ വിജയം നേടിയ രാജസ്ഥാനു 16 പോയിന്റായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി യശ്വസി ജയ്‌സ്വാള്‍ (29 പന്തില്‍ 41) സഞ്ജു സാംസണ്‍ (24 പന്തില്‍ 32) ദേവ്ദത്ത് പഠിക്കല്‍ (18 പന്തില്‍ 39) എന്നിവര്‍ മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിംഗില്‍ അര്‍ദ്ധസെഞ്ചുറിയുമായി ദീപക്ക് ഹൂഡ (39 പന്തില്‍ 59 ) പൊരുതിയെങ്കിലും വിജയം അകന്നു നിന്നു.

You Might Also Like