സഞ്ജുവിന്റേത് കണ്ണുംപൂട്ടിയുളള അടിയല്ല, പറയുന്നത് ആരെന്ന് അറിഞ്ഞാല്‍ ഞെട്ടും

ചെന്നൈയ്‌ക്കെതിരായ ഉജ്വല ഇന്നിങ്‌സിനു പിന്നാലെ അഭിനന്ദന വാക്കുകളുമായി രംഗത്തെത്തിയ സൂപ്പര്‍താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് നന്ദി പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍.

ഐപിഎലില്‍ രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ വെറും 32 പന്തില്‍ ഒരു ഫോറും ഒന്‍പത് സിക്‌സും സഹിതം 74 റണ്‍സെടുത്ത സഞ്ജുവാണ് ടീമിന്റെ വിജയശില്‍പിയായത്. പിന്നീട് വിക്കറ്റ് കീപ്പറെന്ന നിലയില്‍ രണ്ട് സ്റ്റംപിങ്ങുകളും രണ്ട് ക്യാച്ചും സ്വന്തമാക്കി. ഈ പ്രകടനത്തിനു പിന്നാലെയാണ് അഭിനന്ദനവുമായി സച്ചിന്‍ രംഗത്തെത്തിയത്.

‘സഞ്ജുവിന്റെ ക്ലീന്‍ സ്‌ട്രൈക്കിങ്. എല്ലാം യഥാര്‍ഥ ക്രിക്കറ്റിങ് ഷോട്ടുകള്‍. ഒന്നുപോലും കണ്ണുംപൂട്ടിയുള്ള അടിയല്ല’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. സഞ്ജുവിനെ പുറത്താക്കിയ ചെന്നൈ ബോളര്‍ ലുംഗി എന്‍ഗിഡിയെയും സച്ചിന്‍ അഭിനന്ദിച്ചു. ‘താങ്ക്‌സ് എ ലോട്ട് സര്‍’ എന്നായിരുന്നു സഞ്ജുവിന്റെ നന്ദിപറച്ചില്‍.

ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവരും സച്ചിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സഞ്ജുവിനെ അഭിനന്ദിച്ചു.

You Might Also Like