മുകേഷ് കുമാറിനെ മൂന്ന് ഫോറടിച്ച് തുടങ്ങി, സഞ്ജു വീണത് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച്

ഐപിഎല്ലില്‍ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനം രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് ആവര്‍ത്തിക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ രാജസ്ഥാനായി സഞ്ജുവിന് തിളങ്ങാനായില്ല. 14 പന്തില്‍ 15 റണ്‍സാണ് സഞ്ജുവിന് നേടാനായത്.

മുകേഷ് കുമാറിനെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി പായിക്കാന്‍ സഞ്ജുവിനായെങ്കിലും ഖലീല്‍ അഹമ്മദിന് മുന്നില്‍ വീഴുകയായിരുന്നു. മികച്ച ലൈനില്‍ പന്തെറിഞ്ഞ ഖലീല്‍ അഹമ്മദിനെ ബൗണ്ടറി പായിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പാളുകയായിരുന്നു.

പ്രതീക്ഷിച്ചതിലും ബൗണ്‍സ് പന്തിലുണ്ടായിരുന്നു. സൈഡ് എഡ്ജായ പന്തിനെ മനോഹര ക്യാച്ചിലൂടെ റിഷഭ് പന്ത് കൈയിലാക്കുകയായിരുന്നു.

ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെതിരേ വെടിക്കെട്ട് ഫിഫ്റ്റി നേടിയ സഞ്ജു മിന്നിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡല്‍ഹിയോട് നിരാശപ്പെടുത്തുകയായിരുന്നു. ഇതോടെ സഞ്ജു പതിവ് പോലെ സ്ഥിരതയുടെ കാര്യത്തില്‍ പിന്നോട്ട് പോവുകയാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

മിക്ക സീസണുകളിലും മികച്ച രീതിയില്‍ തുടങ്ങാന്‍ സഞ്ജുവിന് സാധിക്കാറുണ്ട്. എന്നാല്‍ മുന്നോട്ട് പോകുന്തോറും നിരാശപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഈ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പിലേക്കെത്താന്‍ സഞ്ജുവിന് എല്ലാ മത്സരങ്ങളിലും തിളങ്ങേണ്ടതായുണ്ട്.

You Might Also Like