അയാളെ പരിഗണിക്കാത്തത് സങ്കടകരം, സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയാണ് കാര്യങ്ങള്‍, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

ഏഷ്യാ കപ്പിനായി തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്റ് ദുര്‍ബലമാണെന്ന് അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ പേസ് ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്ന് വേണ്ടത്ര ശക്തമല്ലെന്ന് മഞ്ജരേക്കറും വിലയിരുത്തുന്നു. സ്പിന്നര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ കുല്‍ദീപ് യാദവിനെ പരിഗണിക്കാത്തതും സങ്കടകരമാണെന്ന് മഞ്ജരേക്കര്‍ വിലയിരുത്തുന്നു.

‘ഇന്ത്യ സമീപ മാസങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്, അത് ഫലം കണ്ടു, പ്രത്യേകിച്ച് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍. അവസരം ലഭിച്ചപ്പോള്‍ അശ്വിന്‍ മികച്ച പ്രകടനം നടത്തി, രവി ബിഷ്‌ണോയിയുടെയും അക്സര്‍ പട്ടേലിന്റെയും കാര്യവും അങ്ങനെതന്നെ. ഇപ്പോള്‍, വെസ്റ്റ് ഇന്‍ഡീസിനെതിരെ കുല്‍ദീപ് യാദവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതിനാല്‍ സെലക്ടര്‍മാര്‍ക്ക് കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

ലോകകപ്പ് ടീമിലും കുല്‍ദീപിന് ഇടമുണ്ടാകാന്‍ സാധ്യതയില്ലെന്ന് മഞ്ജരേക്കര്‍ നിരീക്ഷിക്കുന്നു. ചഹലിന്റെ കൂടെ അശ്വിനോ അക്സര്‍ പട്ടേലോ ആയിരിക്കും കളിക്കാന്‍ സാധ്യത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മികച്ച തിരിച്ചുവരവാണ് കുല്‍ദീപ് നടത്തിയത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ടീമില്‍ കളിക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യക്ക് കൂടുതല്‍ നിയന്ത്രണമുള്ള ബൗളര്‍മാരെയാണ് ആവശ്യം. അതിനാണ് ടീമില്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍. രവി ബിഷ്ണോയ് വരെ കുല്‍ദീപിനേക്കാള്‍ ടീമിലിടം നേടാന്‍ സാധ്യതയുള്ള താരമാണ്,’ മഞ്ജര്ക്കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ഏഷ്യകപ്പിനുളള ടി20 ടീം പ്രഖ്യാപിച്ചത്. വിരാട് കോഹ്ലിയുടെ തിരിച്ചുവരവാണ് ഏറ്റവും ശ്രദ്ധേയമായ തീരുമാനം. മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനുമെല്ലാം ടീമിന് പുറത്തായി.

 

You Might Also Like