ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാനാണ്, അവകാശവാദവുമായി റൊണാള്‍ഡോ

ചരിത്രത്തിലെ മികച്ച താരങ്ങളില്‍ റൊണാള്‍ഡോയും മെസിയും ഉള്‍പ്പെടുമോയെന്നത് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചകളില്‍ ഒന്നായിരുന്നു. ഇരുവരും ലോകകപ്പ് നേടാന്‍ പരാജയപ്പെട്ടതാണ് ഈ സംശയം ഉയര്‍ന്നു വരാന്‍ കാരണമായത്. എന്നാല്‍ ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തിയതോടെ മെസി ആ പദവിയിലേക്ക് ഉയര്‍ന്നു.

അതേസമയം ലോകകപ്പ് നേടിയിട്ടില്ലാത്ത ക്രിസ്ത്യാനോ റൊണാള്‍ഡോ ചരിത്രത്തിലെ മികച്ച താരമാകുമോ എന്ന ചര്‍ച്ച തുടരുകയാണ്. എന്നാല്‍ ആ കാര്യത്തില്‍ റൊണാള്‍ഡോക്കു മാത്രം യാതൊരു സംശയവുമില്ല. താന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്നാണ് കഴിഞ്ഞ ദിവസം റൊണാള്‍ഡോ പറഞ്ഞത്.

നിലവില്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസ്‌റിന്റെ താരമാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ. ലോകകപ്പിനു പിന്നാലെയാണ് താരം യൂറോപ്പ് വിട്ട് റെക്കോര്‍ഡ് പ്രതിഫലം വാങ്ങി സൗദിയില്‍ എത്തിയത്. സൗദി മാധ്യമമായ ഗോള്‍ അറബിനോട് സംസാരിക്കുമ്പോഴാണ് റൊണാള്‍ഡോ ഈ അഭിപ്രായം പ്രകടിപ്പിച്ചതും.

ലോകകപ്പ് ഒഴികെ ക്ലബിനും രാജ്യത്തിനുമായി സാധ്യമായ നേട്ടങ്ങളെല്ലാം റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുണ്ട്. കരിയര്‍ ഗോളുകള്‍, ഇന്റര്‍നാഷണല്‍ ഗോളുകള്‍ എന്നിവയിലെല്ലാം റൊണാള്‍ഡോ മുന്നില്‍ നില്‍ക്കുന്നു. ഇതായിരിക്കാം റൊണാള്‍ഡോ ചരിത്രത്തിലെ മികച്ച താരമായി തന്നെ വിലയിരുത്താന്‍ കാരണമായത്.

റൊണാള്‍ഡോയുടെ അഭിപ്രായത്തെ മെസി ആരാധകര്‍ അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. റൊണാള്‍ഡോയേക്കാള്‍ പ്രായം കുറവുള്ള മെസിക്ക് താരത്തിന്റെ നിരവധി റെക്കോര്‍ഡുകള്‍ ഇനിയും തകര്‍ക്കാന്‍ കഴിയുമെന്നു തന്നെയാണ് അവര്‍ കരുതുന്നത്. മെസിക്കിനി കരിയറില്‍ നേടാന്‍ ഒന്നും ബാക്കിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

You Might Also Like