പരിക്കിനെ വകവെക്കാതെ പോർച്ചുഗലിനായി ഗോൾ നേട്ടം, അപൂർവറെക്കോർഡിനടുത്തെത്തി ക്രിസ്ത്യാനോ

ആണ്ടോറക്കെതിരായി നടന്ന സൗഹൃദമത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് പോർട്ടുഗൽ തകർപ്പൻ വിജയം സ്വന്തമാക്കിയത്. പൗളിഞ്ഞോയുടെ ഇരട്ടഗോളുകളും പെഡ്രോ നെറ്റോ, റെനറ്റൊ സാഞ്ചസ്, ജാവോ ഫെലിക്സ് എന്നിവർക്കൊപ്പം സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയും ഗോൾ നേടി. ഒരു ഗോൾ ആണ്ടോറ താരം എമിലി ഗാർഷ്യയുടെ ഓൺ ഗോളായിരുന്നു.പോർച്ചുഗലിനായി അരങ്ങേറ്റം നടത്തിയ യുവതാരങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്.

അരങ്ങേറ്റതാരങ്ങളായ പൗളിഞ്ഞോയും പെഡ്രോ നെറ്റോയും ഗോൾ നേടിയത് പരിശീലകൻ ഫെർണാണ്ടോ സന്റോസിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പകരക്കാരനായി ഇറങ്ങി റൊണാൾഡോ ഗോൾ നേടിയതോടെ മറ്റൊരു അപൂർവ റെക്കോർഡിനടുത്തേക്ക് ഒരുപടി കൂടി കയറിയിരിക്കുകയാണ്. പരിക്ക് മൂലം കളിക്കാനിറങ്ങിയേക്കില്ലെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആദ്യപകുതിക്കു ശേഷം പെഡ്രോ നേറ്റോക്ക് പകരക്കാരനായി ഇറങ്ങുകയായിരുന്നു.

85-ാം മിനുട്ടിൽ പോർട്ടുഗലിന്റെ ആറാം ഗോൾ നേടിയതോടെ റൊണാൾഡോയുടെ ഗോൾ നേട്ടം 102ലേക്ക് എത്തി നിൽക്കുകയാണ്. കഴിഞ്ഞ നേഷൻസ് ലീഗ് മത്സരത്തിൽ സ്വീഡനെതിരെ ഇരട്ട ഗോൾ നേട്ടത്തിലൂടെയാണ് രാജ്യത്തിനായി 100 ഗോൾ എന്ന നാഴികക്കല്ല് റൊണാൾഡോ പിന്നിട്ടത്. ഇനി റൊണാൾഡോയുടെ അടുത്ത ലക്ഷ്യം രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ്.

നിലവിൽ ഇറാൻ സ്‌ട്രൈക്കറായിരുന്ന അലി ദായിയുടെ പേരിലാണ് ആ റെക്കോർഡുള്ളത്. 109 ഗോലുകളാണ് അലി ഇറാനു വേണ്ടി അടിച്ചു കൂട്ടിയിട്ടുള്ളത്. നേഷൻസ് ലീഗിൽ ഫ്രാൻ‌സിനോടും ക്രൊയേഷ്യയോടുമുള്ള മത്സരങ്ങളിൽ ഗോൾ നേട്ടം ഉയർത്താനാവുമെന്ന പ്രതീക്ഷയിലാണ് ക്രിസ്ത്യാനോ. ശനിയാഴ്ച ഫ്രാൻസിനെതിരെയും ചൊവ്വാഴ്ച ക്രൊയേഷ്യക്കെതിരെയുമാണ് പോർട്ടുഗൽ നേരിടാനൊരുങ്ങുന്നത്.

You Might Also Like