ബാലൺ ഡി ഓർ അന്തിമപട്ടികയിൽ റൊണാൾഡോയില്ല, ഇരുപതു വർഷത്തിനു ശേഷം ഇതാദ്യം

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന റൊണാൾഡോ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള ലിസ്റ്റിൽ നിന്നും പുറത്ത്. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള മുപ്പതു പേരുടെ അന്തിമ പട്ടിക പുറത്തു വിട്ടതിൽ റൊണാൾഡോ ഉൾപ്പെട്ടിട്ടില്ല. ഖത്തർ ലോകകപ്പിന്റെ ഫൈനൽ കളിച്ച അർജന്റീനയുടെയും ഫ്രാന്സിന്റെയും താരങ്ങളാണ് ലിസ്റ്റിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി സീസണിന്റെ പകുതി വരെ കളിച്ച റൊണാൾഡോ മോശം പ്രകടനമാണ് നടത്തിയത്. അതിനു ശേഷം ഖത്തർ ലോകകപ്പിൽ പോർചുഗലിനായി ഇറങ്ങിയ താരത്തിനു അവിടെയും തിളങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ അവിടെ ഗോളുകൾ അടിച്ചു കൂട്ടിയെങ്കിലും ഒരു കിരീടം പോലുമില്ലാത്ത സീസണായിരുന്നു കഴിഞ്ഞ തവണത്തേത്‌.

കഴിഞ്ഞ സീസണിലെ പ്രകടനം പരിഗണിക്കുമ്പോൾ റൊണാൾഡോ ലിസ്റ്റിൽ നിന്നും പുറത്തു പോയതിൽ അത്ഭുതമൊന്നും ഇല്ലെന്നാണ് ആരാധകർ പറയുന്നത്. അതേസമയം ലോകകപ്പിൽ ഫൈനൽ കളിച്ച അർജന്റീനയിലെയും ഫ്രാൻസിലെയും നാല് താരങ്ങൾ ലിസ്റ്റിലുണ്ട്. മെസി, ലൗറ്റാറോ മാർട്ടിനസ്, എമിലിയാനോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയിൽ നിന്നും പട്ടികയിലുള്ളത്.

അതേസമയം ഫ്രാൻസിൽ നിന്നും എംബാപ്പെ, കൊളോ മുവാനി, ഗ്രീസ്മാൻ, ബെൻസിമ എന്നിവരാണുള്ളത്. ഇതിൽ ബെൻസിമ ലോകകപ്പ് കളിച്ചിരുന്നില്ല. ബ്രസീലിൽ നിന്നും വിനീഷ്യസ് ജൂനിയർ മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത്തവണ മെസി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടുമെന്നാണ് ഏവരും വിലയിരുത്തുന്നത്.

You Might Also Like