ഐപിഎല്‍, ബാറ്റിംഗ് പൊസിഷന്‍ വെളിപ്പെടുത്തി രോഹിത്ത് ശര്‍മ്മ

ഐപിഎല്ലില്‍ ഇത്തവണയും ഓപ്പണറായി തന്നെ കളത്തിലിറങ്ങും എന്ന് സൂചിപ്പിച്ച് മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ രോഹിത്ത് ശര്‍മ്മ. നേരത്തെ മധ്യനിരയില്‍ ഇറങ്ങിയ പരീക്ഷണം ഇത്തവണ ആവര്‍ത്തിക്കില്ലെന്നാണ് രോഹിത്ത് നല്‍കുന്ന സൂചന.

‘കഴിഞ്ഞ സീസണില്‍ മുഴുവന്‍ സമയവും ഓപ്പണറായിട്ടാണ് ഞാന്‍ കളിച്ചത്. ഇത്തവണയും അതില്‍ മാറ്റമൊന്നും ഉണ്ടാവില്ല. എന്റെ കാര്യത്തില്‍ എല്ലാ ഓപ്ഷനും തുറന്നുകിടക്കുകയാണ്. ടീം മാനേജ്മെന്റ് എന്താണോ ആവശ്യപ്പെടുന്നത്. അത് ഞാന്‍ ചെയ്യും. അതിലെനിക്ക് സന്തോഷം മാത്രമാണുള്ളത്. മുന്‍ നിരയില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുന്നു. അതിപ്പോള്‍ ദേശീയ ടീമിനായാലും മുംബൈ ഇന്ത്യന്‍സിനായാലും അങ്ങനെതന്നെ.” രോഹിത് പറഞ്ഞു.

അതെസമയം ഐപിഎല്‍ 11, 10 സീസണുകളില്‍ മൂന്നാമാനും നാലാമനുമായെല്ലാം രോഹിത് ഇറങ്ങിയിട്ടുണ്ട്. ടീമിന്റെ മധ്യനിര ശക്തിപ്പെടുത്തുക ലക്ഷ്യത്തോടെയാണ് രോഹിത് അത്തരമൊരു തീരുമാനം എടുത്തിരുന്നത്. കഴിഞ്ഞ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് ആയിരുന്നു രോഹിത്തിന്റെ പങ്കാളി.

കഴിഞ്ഞ സീസണില്‍ 15 തവണയും ഓപ്പണറായ കളിച്ച രോഹിത് 28.92 ശരാശരിയില്‍ 405 റണ്‍സാണ് നേടിയത്. 2018ല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് രോഹിത് ഓപ്പണായത്. 23.83 ശരാശരിയാണ് രോഹിത് സീസണില്‍ നേടിയത്. 2017ല്‍ ഒരു മത്സരത്തില്‍ പോലും രോഹിത് ഓപ്പണറായിരുന്നില്ല. 23.78 ശരാശരിയില്‍ 333 റണ്‍സാണ് രോഹിത് നേടിയത്. ഈ രണ്ട് സീസണുകളാണ് ഹിറ്റ്മാന്റെ ഐപിഎല്‍ കരിയറിലെ മോശം സീസണ്‍.

ഇത്തവണയും രോഹിത് ഓപ്പണാവുമെന്ന സൂചനയാണ് പരിശീലകന്‍ മഹേല ജയവര്‍ധനെയും നല്‍കിയത്. രോഹിത്- ഡി കോക്ക് മികച്ച കൂട്ടുകെട്ടാണെന്നും അവര്‍ക്ക് പരസ്പര ധാരണയുണ്ടെന്നും ജയവര്‍ധനെ പറഞ്ഞു. മറ്റൊരു ഓപ്പണറായ ക്രിസ് ലിന്‍ വലിയൊരു ഓപ്ഷനാണെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

You Might Also Like