സിക്‌സ് കൊണ്ട് ആറാട്ട്, അവിശ്വസനീയ റെക്കോര്‍ഡ് കൈപിടിയിലൊതുക്കി രോഹിത്ത്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത്ത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മഴമൂലം എട്ടോവര്‍ മാത്രമായി ചുരുക്കിയ മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.

മത്സരത്തില്‍ എണ്ണം പറഞ്ഞ നാല് സിക്‌സ് ഉള്‍പ്പെടെ വെറും 20 പന്തില്‍ 46 റണ്‍സാണ് രോഹിത്ത് നേടിയത്. ഇതോടെ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡും രോഹിത്ത് സ്വന്തമാക്കി.

ജോഷ് ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് തന്നെ സിക്‌സിന് പറത്തിയ രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ബാറ്ററെന്ന ലോകറെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ 172 സിക്‌സറുകളെന്ന റെക്കോര്‍ഡാണ് രോഹിത് ഹേസല്‍വുഡിനെതിരെ പറത്തിയ ആദ്യ സിക്‌സോടെ മറികടന്നത്.

അടുത്ത പന്തും സിക്‌സ് അടിച്ച രോഹിത് രണ്ടാം ഓവറില്‍ പാറ്റ് കമിന്‍സിനെതിരെയും മൂന്നാം ഓവര്‍ എറിയാനെത്തിയ ആദം സാംപക്കെതിരെയും സിക്‌സ് പറത്തി ആകെ സിക്‌സുകളുടെ എണ്ണം 175 ആക്കി.

മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ പാറ്റ് കമിന്‍സിനെ സിക്‌സിന് പറത്തിയാണ് രോഹിത് ഗപ്ടിലിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. സിക്‌സറടിയില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ലാണ് 124 സിക്‌സുകളുാമായി രോഹിത്തിനും ഗപ്ടിലിനും പിന്നിലുള്ളത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്ഗന്‍ 120 സിക്‌സുകളുമായി നാലാം സ്ഥാനത്തും 117 സിക്‌സുകളുമായി ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അഞ്ചാം സ്ഥാനത്തുമുണ്ട്.

You Might Also Like