അത്ഭുതം കാട്ടി വീണ്ടും രോഹണിന്റെ തകര്‍പ്പന്‍ സെഞ്ച്വറി, തകര്‍പ്പന്‍ ജയവുമായി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം ജയവുമായി കേരളം. മലയാളി താരം രോഹന്‍ കുന്നുമ്മലിന്റെ സെഞ്ചുറി ബലത്തിലാണ് കേരളം അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കുറിച്ചത്. ഗോവ മുന്‍പില്‍ വെച്ച 242 റണ്‍സ് കേരളം വെറും 38.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

101 പന്തില്‍ നിന്നാണ് കേരള ഓപ്പണറായ രോഹന്‍ 134 റണ്‍സ് അടിച്ചെടുത്തത്. 17 ഫോറും നാല് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നു. രോഹന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയാണ് ഇത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 54 പന്തില്‍ നിന്ന് 51 റണ്‍സ് നേടി.

വത്സല്‍ ഗോവിന്ദ് 22 റണ്‍സിനും പി രാഹുല്‍ 14 റണ്‍സിനും വിനൂപ് മനോഹരന്‍ ആറ് റണ്‍സിനും പുറത്തായി. കേരളം 39-1 എന്ന ഘട്ടത്തിലേക്ക് വീണപ്പോള്‍ ഗോവിന്ദിനൊപ്പവും പിന്നാലെ സച്ചിന്‍ ബേബിക്കൊപ്പവും കൂട്ടുകെട്ട് തീര്‍ത്ത് രോഹന്‍ കേരളത്തെ സുരക്ഷിതമായ നിലയിലേക്ക് എത്തിക്കുകയായിരുന്നു.

സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്‍പത് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. 57 റണ്‍സ് വഴങ്ങുകയും ചെയ്തു. 5.1 ഓവറില്‍ 19 റണ്‍ സ്് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിദ്ദേഷ് ലാഡ് ആണ് ഗോവയ്ക്കായി ബൗളിംഗില്‍ തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗോവയെ ദര്‍ശല്‍ മിസലിന്റെ അര്‍ധ ശതകമാണ് തുണച്ചത്. 69 റണ്‍സ് ആണ് ദര്‍ശന്‍ സ്‌കോര്‍ ചെയ്തത്. കേരളത്തിനായി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റും ബേസില്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം ജയമാണ് ഇത്. നേരത്തെ അരുണാചല്‍ പ്രദേശിനെ കേരളം തോല്‍പ്പിച്ചിരുന്നു. ഇനി ചത്തീസ്ഗഡിന് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

You Might Also Like