ബാലൺ ഡി ഓറിൽ മെസിക്ക് പുതിയൊരു എതിരാളി, അർഹതയുണ്ടെന്ന് ആരാധകർ

ഖത്തർ ലോകകപ്പിൽ അവിസ്‌മരണീയമായ പ്രകടനമാണ് ലയണൽ മെസി നടത്തിയത്. അർജന്റീന ടീമിനെ മുന്നിൽ നിന്ന് നയിച്ച താരം ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കുകയും അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകുകയും ചെയ്‌തു. ഇതോടെ അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരം മെസിക്ക് തന്നെയെന്ന് എല്ലാവരും വിധിയെഴുതി.

ലോകകപ്പിന് ശേഷം പിഎസ്‌ജിയിലേക്ക് തിരിച്ചെത്തിയ ലയണൽ മെസിക്ക് ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ കഴിഞ്ഞിരുന്നില്ല. അതിനു പിന്നാലേ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് അടക്കം മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയതോടെ ടീമിന്റെ ഗോളാടിയന്ത്രമായ ഏർലിങ് ഹാലാൻഡിനു ബാലൺ ഡി ഓർ ലഭിക്കുമെന്ന് പലരും വിധിയെഴുതി. എന്നാൽ അപ്പോഴും ബാലൺ ഡി ഓർ പവർ റാങ്കിങ്ങിൽ മെസി തന്നെയായിരുന്നു മുന്നിൽ.

കഴിഞ്ഞ ദിവസം സ്പെയിൻ യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയതോടെ മറ്റൊരു താരം കൂടി ബാലൺ ഡി ഓർ അർഹിക്കുന്നുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌പാനിഷ്‌ താരമായ റോഡ്രിയാണ് ആരാധകർ പൊക്കിപ്പിടിക്കുന്ന താരം. ഈ സീസണിൽ റോഡ്രി സ്വന്തമാക്കിയ നേട്ടങ്ങളാണ് അതിനു കാരണം.

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ നേട്ടങ്ങൾ സ്വന്തമാക്കിയ റോഡ്രി ചാമ്പ്യൻസ് ലീഗിലെ മികച്ച താരം, ചാമ്പ്യൻസ് ലീഗ് ഫൈനലിലെ താരം എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അതിനു പുറമെ യുവേഫ നേഷൻസ് ലീഗ് ഫൈനലിലെ താരവും റോഡ്രിയാണ്. ഇതാണ് താരത്തെ ബാലൺ ഡി ഓർ നേട്ടത്തിനായി ഉയർത്തിക്കാട്ടാനുള്ള പ്രധാന കാരണം.

എന്നാൽ ലോകകപ്പ് നേട്ടമാണ് ബാലൺ ഡി ഓറിനു പ്രധാനമായും പരിഗണിക്കുകയെന്നാണ് ഏവരും വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ മെസിക്ക് തന്നെ പുരസ്‌കാരം ലഭിക്കുമെന്നും പറയുന്നു. ചിലപ്പോൾ ആദ്യ മൂന്നു സ്ഥാനക്കാരിൽ ഒരാളായി റോഡ്രി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

You Might Also Like