വിന്‍ഡീസില്‍ നിന്ന് ടീം ഇന്ത്യയ്ക്കായി കളിച്ചു, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ ആരും അറിയാത്ത കഥ

Image 3
Cricket

കെ നന്ദകുമാര്‍ പിള്ള

രബീന്ദ്ര രാംനരേയ്ന്‍ സിംഗ് എന്ന റോബിന്‍ സിങ്.

വര്‍ഷം 1996. ഇന്ത്യയും ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയും മാറ്റുരച്ച ടൈറ്റാന്‍ കപ്പ് ടൂര്‍ണമെന്റ്. ആദ്യ മൂന്നു മത്സരങ്ങള്‍ കളിച്ച സൗരവ് ഗാംഗുലി പരിക്കേറ്റ് ടീമിന് പുറത്തായി. ആ കാലത്ത്, ഒരു ബാറ്റ്‌സ്മാന്‍ എന്നതിനേക്കാള്‍ ഒരു ഓള്‍ റൗണ്ടര്‍ ആയി കണക്കാക്കപ്പെട്ടിരുന്ന ഗാംഗുലിക്ക് പകരം ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളിക്കാരന്റെ പേര് കുറെ പേരുടെയെങ്കിലും നെറ്റി ചുളിപ്പിച്ചു. തമിഴ് നാടിന്റെ ഓള്‍ റൗണ്ടര്‍ ആയിരുന്ന റോബിന്‍ സിംഗ്. അന്ന് അദ്ദേഹത്തിന്റെ പ്രായം 33. ആ പ്രായത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ഒരാള്‍ ഇന്ത്യന്‍ നാഷണല്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നുള്ളു. ക്യാപ്റ്റന്‍ സച്ചിനാണ് റോബിന്‍ സിങിന്റെ പേര് നിര്‍ദേശിച്ചത് എന്നൊരു വാര്‍ത്ത അന്ന് കേട്ടിരുന്നു.

മൊഹാലിയില്‍ നടന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരം. ലീഗിലെ അവസാന മത്സരമായിരുന്നു അത്. ആ മത്സരം വിജയിക്കുന്നവര്‍ ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ നേരിടും. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. സച്ചിനും (62), അസറുദ്ദിനും(94), ദ്രാവിഡും(56) അര്‍ദ്ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ ഇന്ത്യ 289 എന്ന മികച്ച സ്‌കോര്‍ കണ്ടെത്തി. എന്നാല്‍ ഓസ്ട്രേലിയന്‍ ഓപ്പണേഴ്സ് മാര്‍ക്ക് ടെയ്ലറും മാര്‍ക്ക് വോയും അതെ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. ശ്രീനാഥും പ്രസാദും കുംബ്ലെയും ശ്രമിച്ചിട്ടും ഓസ്ട്രേലിയയുടെ ഓപ്പണര്‍മാരെ പറഞ്ഞയക്കാന്‍ ആയില്ല.

അടുത്ത ശ്രമം എന്ന നിലയില്‍ ക്യാപ്റ്റന്‍ സച്ചിന്‍ പന്ത് റോബിന്‍ സിങിന് കൈമാറി. 16 ആം ഓവര്‍. റോബിന്‍ സിങിന്റെ ഇന്‍ കട്ടറിന്റെ ഗതി മനസിലാക്കാന്‍ മാര്‍ക്ക് വോയ്ക്ക് സാധിച്ചില്ല. ബാറ്റിനും പാഡിനും ഇടയിലൂടെ പോയ പന്ത് സ്റ്റമ്പ് തകര്‍ത്തു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ റോബിന്റെ ആദ്യ വിക്കറ്റ്. ഇന്ത്യക്ക് ബ്രേക് ത്രൂ. അടുത്ത പന്ത്. സ്ലോ ബോള്‍ ഫ്‌ലിക്ക് ചെയ്യാന്‍ ശ്രമിച്ച സ്റ്റുവര്‍ട്ട് ലോയ്ക്ക് പന്ത് ഷോര്‍ട് മിഡ് വിക്കറ്റില്‍ അസറുദ്ദിന്റെ കയ്യില്‍ വിശ്രമിക്കുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. രണ്ടു പന്തില്‍ രണ്ടു വിക്കറ്റ്. ഗാലറി ഇളകി മറിഞ്ഞു. കളി ഇന്ത്യയുടെ കയ്യിലേക്ക്. 7 വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചു വിളിക്കപ്പെട്ട ഒരു കളിക്കാരന്റെ അസാധാരണ പ്രകടനത്തിനാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്. ഫൈനലില്‍ സൗത്ത് ആഫ്രിക്കയുടെ പ്രധാനപ്പെട്ട ബാറ്റ്സ്മാന്മാര്‍ ആയ ഡാരില്‍ കള്ളിനെന്റെയും ഹാന്‍സി ക്രോണ്യേയുടെയും വിക്കറ്റുകള്‍ വീഴ്ത്തി, തന്റെ ടീമിലേക്കുള്ള സെലെക്ഷന്‍ റോബിന്‍ സിംഗ് സാധൂകരിച്ചു.

മികച്ചൊരു ഫീല്‍ഡറും ആയിരുന്ന റോബിന്‍ സിംഗ്, ആ രണ്ടു മത്സരങ്ങളോടെ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ആ വര്‍ഷം സൗത്ത് ആഫ്രിക്കയില്‍ നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക – സിംബാബ്വേ ത്രിരാഷ്ട്ര ടൂര്ണമെന്റിലാണ് ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ റോബിന്‍ സിങിന്റെ കഴിവ് ക്രിക്കറ്റ് ലോകത്തിനു വെളിപ്പെട്ടത്. സിംബാബ്വെക്കെതിരെ ബോലാന്‍ഡ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പരാജയം ഉറപ്പിച്ച മത്സരമാണ് റോബിന്‍ സിംഗ് വിജയത്തിന്റെ പടിവാതിലില്‍ എത്തിച്ചത്. നിര്‍ഭാഗ്യവശാല്‍ അത് ടൈയില്‍ അവസാനിച്ചു. പിന്നീട് എത്രയെത്ര പ്രകടനങ്ങള്‍… മാച്ച് സേവിങ് ഇന്നിങ്സുകള്‍… ബാറ്റിങ്ങിലൂടെയും ബൗളിങ്ങിലൂടെയും ഫീല്‍ഡിങ്ങിലൂടെയും റോബിന്‍ സിംഗ് പല കളികളിലും ഇന്ത്യയെ രക്ഷിച്ചു.

ഇന്ത്യന്‍ മുന്‍നിര പരാജയപ്പെട്ട ഒരുപാട് മത്സരങ്ങളില്‍ റോബിന്‍ ഇന്ത്യന്‍ ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തി. അജയ് ജഡേജ – റോബിന്‍ സിംഗ് കോമ്പിനേഷന്‍ അക്കാലത്തു ഇന്ത്യയുടെ ഒരു ഭാഗ്യമായിരുന്നു. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന രണ്ടു മധ്യ നിര ബാറ്റ്സ്മാന്മാര്‍ ആദ്യമായിരുന്നു ഇന്ത്യന്‍ ടീമില്‍. ചില മത്സരങ്ങളില്‍ വണ്‍ ഡൌണ്‍ ഇറങ്ങിയും ശ്രദ്ധേയമായ ഇന്നിങ്സുകള്‍ കാഴ്ചവെച്ചിട്ടുണ്ട് റോബിന്‍.

ബെനോനിയില്‍ സിംബാബ്വെക്കെതിരെ അജയ് ജഡേജയോടൊത്ത് അഞ്ചാം വിക്കറ്റില്‍ നേടിയ നിര്‍ണായകമായ 83 റണ്‍സിന്റെ കൂട്ടുകെട്ട്.

സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍, വണ്‍ ഡൌണ്‍ ഇറങ്ങി ശ്രീലങ്കക്കെതിരെ നേടിയ സെഞ്ച്വറി (100 ഫ്രം 102 ബോള്‍സ്). ആ മത്സരത്തില്‍ നാലോവര്‍ മാത്രം ബൗള്‍ ചെയ്ത് രണതുംഗ, മഹാനാമ, അരവിന്ദ ഡിസില്‍വ എന്നീ നിര്‍ണായക വിക്കറ്റുകളും റോബിന്‍ വീഴ്ത്തി. പക്ഷെ മത്സരം മഴമൂലം 19 ഓവര്‍ മാത്രം ബൗള്‍ ചെയ്ത ശേഷം ഉപേക്ഷിച്ചു.


കറാച്ചിയില്‍ പാകിസ്താനെതിരെ 265 റണ്‍സ് ചെയ്സ് ചെയ്ത മത്സരത്തില്‍ 32 പന്തില്‍ 31 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയിപ്പിച്ചു.

ബംഗ്ലാദേശില്‍ നടന്ന ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനലില്‍ പാകിസ്താനെതിരെ നേടിയ 82 റണ്‍സും സൗരവ് ഗാംഗുലിയോടൊത്ത് അടിച്ചു കൂട്ടിയ 179 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും. 1999 ലോകകപ്പ് സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 17 / 4 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ ജഡേജയോടൊത്ത് നേടിയ 139 റണ്‍സ് പാര്‍ട്ണര്‍ഷിപ്.

ശ്രീലങ്കക്കെതിരെ 1997 ല്‍ ഗുവാഹത്തിയിലും 1999 ലോകകപ്പില്‍ ടോന്റണിലും രണ്ട് അഞ്ചു വിക്കറ്റ് പ്രകടനങ്ങള്‍(5/ 22, 5/31) നടത്തിയിട്ടുണ്ട് റോബിന്‍ സിംഗ്.

രാജസ്ഥാനില്‍ നിന്നും കരിബീയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ യിലേക്ക് കുടിയേറിയ കുടുംബത്തിലാണ് റോബിന്‍ സിങിന്റെ ജനനം. 1983 ല്‍ ട്രിനിഡാഡ് സീനിയര്‍ ടീമിന് വേണ്ടി കളിച്ച റോബിന്‍ സിംഗിന്റെ സഹ കളിക്കാരുടെ പേരുകള്‍ നമ്മളെ അദ്ഭുതപ്പെടുത്തും. ഫില്‍ സിമ്മണ്‍സ്, ലാറി ഗോംസ്, ഗസ് ലോഗി, ഡേവിഡ് വില്യംസ്. പക്ഷെ, ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രഗത്ഭര്‍ നിറഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ സ്ഥാനം ലഭിക്കുക എളുപ്പമല്ല എന്ന് മനസിലാക്കിയ റോബിന്‍ സിങ്, ഇന്ത്യയിലേക്ക് വന്നു.

1985 – 86 സീസണ്‍ തൊട്ട് തമിഴ്‌നാട് രഞ്ജി ടീമിന്റെ ഭാഗമായി മാറിയ റോബിന്‍, 1988 ല്‍ തമിഴ്‌നാടിനെ രഞ്ജി ചാമ്പ്യന്മാര്‍ ആക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിറസാന്നിധ്യമായി മാറിയ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ടീമിലേക്ക് ഒരു വിളി ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നു. അതിനായി തന്റെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പാസ്‌പോര്ട്ട് അദ്ദേഹം സറണ്ടര്‍ ചെയ്തു. പ്രതീക്ഷിച്ചപോലെ 1989 ല്‍ റോബിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തി. യാദൃശ്ചികമാണോ അതോ കരിബീയന്‍ പിച്ചുകളിലെ റോബിന്‍ സിങിന്റെ പരിചയം ഉപയോഗപ്പെടുത്താം എന്ന തോന്നലാണോ എന്നറിയില്ല, വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള ടൂറിലാണ് റോബിന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒരിക്കല്‍ താന്‍ ഭാഗമാകും എന്ന് കരുതിയ ടീമിനെതിരെ തന്നെ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുക എന്ന വളരെ അപൂര്‍വമായ സാഹചര്യം റോബിന്‍ സിംഗിന്റെ ജീവിതത്തില്‍ ഉണ്ടായി. പക്ഷെ രണ്ടു മത്സരം മാത്രമേ റോബിന് ആ സീരീസില്‍ കളിയ്ക്കാന്‍ ആയുള്ളൂ. അതിനു ശേഷം ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ അദ്ദേഹത്തിന് ഏഴ് നീണ്ട വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കോച്ച് എന്ന നിലയിലും റോബിന്‍ പ്രശസ്തനാണ്. കുറച്ചു നാള്‍ ഹോങ്കോങ് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചിരുന്നു. പിന്നീട് ഇന്ത്യ എ ടീമിന്റെയും കോച്ച് ആയിരുന്നു. 2007 – 2009 കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് കോച്ച് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഐപില്‍ ല്‍ 2010 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് കോച്ച് ആണ് അദ്ദേഹം. കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ 2013 മുതല്‍ ട്രിനിഡാഡ് ട്രൈഡന്റ് ടീമിനെയും റോബിന്‍ പരിശീലിപ്പിക്കുന്നു.
ഒരുപക്ഷെ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍, ഇന്ത്യന്‍ ക്രിക്കറ്റിനു കുറേക്കൂടി സംഭാവനകള്‍ നല്കാന്‍ കഴിവുള്ള താരമായിരുന്നു റോബിന്‍ സിംഗ്. ടെസ്റ്റില്‍ ഒരേയൊരു മത്സരം മാത്രമേ അദ്ദേഹത്തിന് കളിയ്ക്കാന്‍ സാധിച്ചുള്ളൂ.

1994-95 സീസണില്‍, പാലക്കാട് വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടന്ന കേരളം – തമിഴ്‌നാട് മത്സരത്തില്‍ റോബിന്‍ സിങിന്റെ കളി കാണാന്‍ അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍