ഒരു പന്തില്‍ രണ്ട് തവണ പുറത്തായി, വല്ലാത്തൊരു റെക്കോര്‍ഡിന് ഇരയായി പന്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണല്ലോ ഡല്‍ഹി ക്യാപിറ്റല്‍സ്. ആറ് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ഡല്‍ഹിയ്ക്കായി അരങ്ങേറ്റ താരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും നായകന്‍ റിഷഭ് പന്തും ഓപ്പണര്‍ പൃഥ്വി ഷായും ആഞ്ഞടിച്ചതോടെ തകര്‍പ്പന്‍ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്.

ഡല്‍ഹി നായകന്‍ റിഷഭ് പന്ത് 41 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി. പക്ഷേ റിഷഭ് പന്തിന്റെ വിക്കറ്റാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഒരുപന്തില്‍ രണ്ട് തവണയാണ് പന്ത് പുറത്തായത്.

ഡല്‍ഹി ഇന്നിംഗ്‌സിന്റെ 16-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. രവി ബിഷ്‌ണോയ്‌ക്കെതിരെ സ്റ്റെപ് ഔട്ട് നടത്തിയ റിഷഭിന് പിഴച്ചു. ഒരു ഒന്നൊന്നര പിഴവാണ് പന്തിന് സംഭവിച്ചത്. ബോള്‍ റിഷഭിനെ മറികടന്ന് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തി. ലഖ്‌നൗ നായകന്‍ പന്തിനെ സ്റ്റംമ്പ് ചെയ്ത് പുറത്താക്കി.

ഈ സമയത്ത് പന്തിന്റെ കൈയ്യില്‍ നിന്നും ബാറ്റ് വഴുതിപ്പോയി. അന്തരീഷത്തില്‍ ഉയര്‍ന്ന ബാറ്റ് സ്റ്റമ്പില്‍ വന്നു വീണു.

ഡല്‍ഹി നിരയില്‍ മക്ഗുര്‍ അര്‍ധ സെഞ്ച്വറി നേടി. 35 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 55 റണ്‍സാണ് മക്ഗുര്‍ക് നേടിയത്. പൃഥ്വി ഷാ 22 പന്തില്‍ 32 റണ്‍സെടുത്ത് തകര്‍പ്പന്‍ തുടക്കം നല്‍കി.

 

You Might Also Like