ബെന്‍സേമയുടെ ആറാട്ട്, ഫ്രഞ്ച് പരിശീലനുള്ള മറുപടി ലാലിഗയില്‍ തീര്‍ത്ത് സൂപ്പര്‍താരം

മാഡ്രിഡ്: ലോകകപ്പില്‍ കളിക്കാന്‍ അവസരംനല്‍കാതിരുന്നതിനുള്ള മറുപടി ക്ലബ് ഫുട്‌ബോളില്‍ നല്‍കി ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമ. ലോകകപ്പ് ഇടവേളക്ക് ശേഷം സ്പാനിഷ് ലാലീഗയില്‍ നടന്ന ആദ്യമത്സരത്തില്‍ ബെന്‍സേമയുടെ ഇരട്ടഗോളില്‍ റയല്‍മാഡ്രിഡ് വിജയിച്ചു. വയ്യഡോളിഡിനെതിരെയാണ് നിലവിലെ ലാലീഗ ചാമ്പ്യന്‍മാരായ റയല്‍ ജയംസ്വന്തമാക്കിയത്.


റയലിനായി പ്രധാനതാരങ്ങളെല്ലാം കളത്തിലിറങ്ങിയിരുന്നു. 82ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും കളിതീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കെ വിനീഷ്യസ് ജൂനിയറിന്റെ അതിവേഗകുതിപ്പിനൊടുവില്‍ ലഭിച്ച മികച്ചപാസ് ലക്ഷ്യത്തിലെത്തിച്ചാണ് ഗോള്‍നേട്ടം ബെന്‍സേമ രണ്ടാക്കിയത്. നിലവില്‍ പോയന്റ് പട്ടികയില്‍ റയലാണ് ഒന്നാമത്. 15 കളിയില്‍ 38 പോയന്റാണ് നേട്ടം. രണ്ടാമതുള്ള ബാഴ്‌സലോണയ്ക്ക് 14 മത്സരങ്ങളില്‍ 37 പോയന്റാണുള്ളത്. അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്.

ലോകകപ്പില്‍ പരിക്ക് മാറിയിട്ടും ബെന്‍സേമയെ ബ്രഞ്ച് സ്‌ക്വാര്‍ഡിലേക്ക് തിരികെവിളിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ലോകകപ്പ് മുന്‍പ് നടന്ന പരിശീലനത്തിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ടീം ഗ്രൂപ്പ് ഘട്ടം പിന്നിട്ടസമയത്ത് ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാല്‍ താരത്തെ തിരിച്ചുവിളിക്കാന്‍ ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാപ്‌സ് തയാറായില്ല. ഫൈനലില്‍ അര്‍ജന്റീനയോടാണ് ഫ്രാന്‍സ് കീഴടങ്ങിയത്. ലോകകപ്പിന് പിന്നാലെ ദേശീയടീമില്‍ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ഫ്രാന്‍സിലെ ചിലസഹതാരങ്ങളെ ബെന്‍സേമ അണ്‍ഫോളോ ചെയ്തതും ചര്‍ച്ചയായിരുന്നു. ബാലന്‍ഡിയോര്‍ പുരസ്‌കാര ജേതാവായ ബ്രഞ്ച് താരം റയല്‍മാഡ്രിഡിനായി സമീപകാലത്ത് മിന്നും ഫോമിലാണ്.

You Might Also Like