റയില്‍ ഇറങ്ങിയത് ചരിത്രത്തിലെ അപൂര്‍വ്വ ഇലവനുമായി, ഞെട്ടിക്കുന്ന തോല്‍വി

മാഡ്രിഡ്: കിരീടനേട്ടത്തിലും ലോകോത്തരതാരങ്ങളുടെ സാന്നിധ്യംകൊണ്ടും മറ്റുക്ലബുകളെയെല്ലാം മറികടന്നാണ് സ്പാനിഷ് ക്ലബ് റയല്‍മാഡ്രിഡ് മുന്നേറുന്നത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ക്ലബ് ഇന്നലെ വിയ്യാറയലിനെതിരെ ലാലീഗ മത്സരത്തിനിറങ്ങിയത് അപൂര്‍വ്വ ഇലവനുമായാണ്. ഒറ്റ സ്‌പെയിന്‍താരങ്ങളും ഇന്നലെ കളിച്ച റയല്‍സംഘത്തിലുണ്ടായിരുന്നില്ല.

അടുത്തകാലത്തൊന്നും ഒരു സ്പാനിഷ് താരം പോലുമില്ലാതെ റയല്‍ ഇറങ്ങിയിട്ടില്ല. മൂന്ന് ഫ്രഞ്ച് താരങ്ങളേയും രണ്ടുവീതം ബ്രസീലിയന്‍, ജര്‍മ്മന്‍ താരങ്ങളേയും ഓരോ ക്രൊയേഷ്യന്‍, ബെല്‍ജിയം, ഉറുഗ്വന്‍, ഓസ്ട്രിയന്‍ താരത്തേയുമാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി അണിനിരത്തിയത്.

മുന്നേറ്റത്തില്‍ വിനീഷ്യസും ക്യാപ്റ്റന്‍ ബെന്‍സെമയും വാല്‍വെര്‍ഡയുമിറങ്ങിയപ്പോള്‍ മധ്യനിരയില്‍ കളിനിയന്ത്രിച്ചത് ലൂക്കാമോഡ്രിച്ചും ഷുവാമെനിയും ടോണിക്രൂസുമായിരുന്നു. പ്രതിരോധത്തില്‍ ഡേവിഡ് അലാബയും റൂഡ്രിഗറും മെന്‍ഡിയും മിലിറ്റാവോയുമായിരുന്നു. ഗോള്‍പോസ്റ്റില്‍ കുര്‍ട്ടോയിസും സ്ഥാനംപിടിച്ചു.

അതേസമയം, സ്പാനിഷ് താരങ്ങളില്ലാതെ ഇറങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് നേരിടേണ്ടിവന്നത്. വിയ്യാറയല്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിനെ തോല്‍പിച്ചത്. സീസണില്‍ റയലിന്റെ രണ്ടാം തോല്‍വിയാണിത്. 47ാം മിനിറ്റില്‍ യെറിമി പിനോയും അറുപത്തിമൂന്നാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനോയുമാണ് വലകുലുക്കിയത്.

60ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കരീം ബെന്‍സേമയായിരുന്നു റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. 16 കളിയില്‍ 38 പോയന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. 15 കളിയില്‍ 38 പോയന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് രാത്രി ഒന്നരക്ക് നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ കീഴടക്കിയാല്‍ ബാഴ്‌സക്ക് പോയന്റ് ടേബിളില്‍ റയലിനെതിരെ മൂന്ന് പോയന്റിന്റെ ലീഡ് ലഭിക്കും. റയല്‍ സോസിഡാഡ് മൂന്നാമതും അത്‌ലറ്റികോ മാഡ്രിഡ് നാലാമതുമാണ്.

You Might Also Like