ബംഗളൂരുവും അതേ ദുരവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്, അസറുദ്ദീനും സച്ചിനുമെല്ലാം വഴിതെളിയുകയാണോ?

സുരേഷ് വാരിയത്ത്
കളിയേതാണ്ട് പതിനാറ് ഓവര്‍ കഴിഞ്ഞിരിക്കുന്നു. വിഷു അവധിയുടെ ആലസ്യം കണ്ണുകളില്‍ കുറെയൊക്കെ കനം വച്ചിരിക്കുന്നു. ഈ കളി ഇനിയെന്ത് തീരുമാനമാവാന്‍? 24 പന്തില്‍ വേണ്ടത് 35 റണ്‍സ്, ഇഷ്ടം പോലെ വിക്കറ്റുകള്‍ ബാക്കി.. ക്രീസിലുള്ളത് ജോണി ബെയര്‍സ്റ്റോ. കൂടെ റണ്‍ എ ബാള്‍ എന്ന നിലയില്‍ ഏകദിന ശൈലിയില്‍ കളിക്കുന്ന, ഏതു നിമിഷവും ഗിയര്‍ മാറ്റാന്‍ കഴിയുന്ന മനീഷ് പാണ്ഡേ….
ഏഴാമത്തെ ബൗളിങ് ഓപ്ഷനായി വന്ന് ഒരോവര്‍ എറിഞ്ഞ ഷഹ്ബാസ് അഹമദ് എന്ന, മുന്‍പ് അധികം കേട്ടു പരിചയമില്ലാത്ത ഒരു 26 കാരനെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒരിക്കല്‍ കൂടി വിശ്വാസമര്‍പ്പിച്ചു.പതിനേഴാം ഓവറിലെ ആദ്യ പന്ത് ഉയര്‍ത്തിയടിച്ച ജോണിയുടെ ടൈമിങ്ങ് പിഴച്ചു, വിക്കറ്റ് കീപ്പറുടെ റണ്ണിങ്ങ് ക്യാച്ചില്‍ പവലിയനിലേക്ക് ജോണി മടങ്ങുമ്പോള്‍, സണ്‍റൈസസിന്റെ കഴിഞ്ഞ മത്സരത്തിന്റെ ആവര്‍ത്തനമെന്നോണം പരാജയത്തിലേക്കുള്ള കൂട്ടത്തകര്‍ച്ച തുടങ്ങുകയായിരുന്നു.
തൊട്ടടുത്ത പന്തില്‍ മനീഷ് പാണ്ഡേയും കൂടാരം കയറുമ്പോള്‍ ബംഗളൂരു മത്സരത്തിലാദ്യമായി വിജയം മണത്തു. ഓവറിലെ അവസാന പന്തില്‍ അപകടകാരിയായ സമദിനെ പിടിച്ചെടുക്കുമ്പോള്‍ ഷഹ്ബാസ് അഹ്മദ് ഇന്നത്തെ ഗെയിം ചെയ്ഞ്ചര്‍ എന്ന് ഐപിഎല്‍ ലോകത്തോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.
തീര്‍ത്തും ഗൗനിക്കപ്പെടാതെ കിടന്ന സാന്നിധ്യമായിരുന്നു അയാള്‍. കഴിഞ്ഞ കളിയില്‍ ആറാമതായും ഇത്തവണ വണ്‍ ഡൗണായും ബാറ്റ് ചെയ്ത് വലിയ ഇംപാക്ടൊന്നും ഉണ്ടാക്കാത്ത ഒരാള്‍. കഴിഞ്ഞ കളിയില്‍ കിട്ടിയത് 14 റണ്‍സ് നല്‍കിയ ഒരോവര്‍ മാത്രം. ഒരു പക്ഷേ ഇന്ന് ഡാനിയല്‍ ക്രിസ്റ്റന്‍ ,സുന്ദര്‍ എന്നിവര്‍ ഫലപ്രദമാവില്ലെന്ന് കരുതിയതിനാലാവാം ലെഫ്റ്റ് ആം സ്പിന്നറെ ക്യാപ്റ്റന്‍ പരീക്ഷിച്ചത്.
ഈ മത്സരത്തിലും പരാജയമായെങ്കില്‍ ഒരു പക്ഷേ അടുത്ത കളിയില്‍ മലയാളി താരങ്ങളായ സച്ചിന്‍ ബേബിയോ അസ്ഹറുദ്ദീനോ പകരം ഇറങ്ങുന്നതിനെ കുറിച്ച് ബംഗളൂരു മാനേജ്‌മെന്റ് ആലോചിച്ചേനെ.
സണ്‍റൈസസ് ഹൈദരാബാദ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ചെയ്‌സ് ചെയ്ത് ചെറിയ മാര്‍ജിനില്‍ തോറ്റത് തീര്‍ച്ചയായും ട്രെവര്‍ ബെയ്‌ലിസിനും ലക്ഷ്മണിനുമെല്ലാം അവരുടെ ബാറ്റിങ്ങ് ഓര്‍ഡറിനെക്കുറിച്ച് തല പുകക്കാന്‍ വക നല്‍കുന്നതാണ്. ലോക ക്രിക്കറ്റിലെ തന്നെ ലിമിറ്റഡ് ഓവറില്‍ നിലവിലെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ബെയര്‍സ്റ്റോയെ മറന്ന് വൃദ്ധിമാന്‍ സാഹയെ ഓപ്പണിങ്ങിനിറക്കിയത് രണ്ടു മത്സരത്തിലും പരാജയമായി.
നിലവില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായ റഷീദ് ഖാനും ഭുവനേശ്വര്‍ കുമാറും നയിക്കുന്ന ബൗളിങ് നിരയുടെ അത്യധ്വാനമാണ് ബാറ്റിങ്ങിലെ ഉത്തരവാദിത്തമില്ലായ്മ കാരണം പാഴാവുന്നത്. വിജയ് ശങ്കറിനു പകരം അഭിഷേക് ശര്‍മയോ കേദാര്‍ ജാദവോ ഒക്കെ വന്നാലും അത്ഭുതപ്പെടാനില്ല.
മറിച്ച് ഇതേ അവസ്ഥ തന്നെയാണ് ബംഗളൂരുവിനുമെന്ന് നമുക്ക് കാണാം . തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും കോഹ്ലി 29 പന്തില്‍ നാലു ഫോറടിച്ച് 33 റണ്‍സില്‍ 13 ആം ഓവറില്‍ പുറത്തായ ബാറ്റിങ്ങ് ലൈനപ്പ് കടലാസിലേത് പോലെ അത്രയൊന്നും ആഴമേറിയതല്ല… ഹര്‍ഷല്‍ പട്ടേല്‍ മാജിക് കണ്ട ആദ്യ മത്സരത്തില്‍ തന്റെ 37 ആം വയസ്സിലും ഫോമിലുള്ള ഡിവിലിയേഴ്‌സ്, മാക്‌സ്വെല്ലിന്റെ ഇന്നിംഗ്‌സിന്റെ പിന്തുണയോടെ കഷ്ടിച്ച് രണ്ടു വിക്കറ്റിന് മുംബൈയെ തോല്‍പ്പിച്ചപ്പോള്‍, ഇന്ന് ഏകനായി പൊരുതിയ മാക്‌സ്വെല്ലിന്റെ ഇന്നിംഗ്‌സ് പാഴാകാതിരുന്നത് ഷഹ്ബാസിന്റെയും സിറാജിന്റെയും ഹര്‍ഷലിന്റെയും അത്യധ്വാനം കൊണ്ട് മാത്രമാണ്
കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്‌സ്