ജഡേജയോടും ഞാനിത് പറയാറുണ്ട്, ധോണി നല്‍കിയ വിലപ്പെട്ട നിര്‍ദേശം വെളിപ്പെടുത്തി റാഷിദ്

ഐപിഎല്‍ മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണി നല്‍കിയ വിലപ്പെട്ട നിര്‍ദ്ദേശം വെളിപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. പരിക്കേല്‍ക്കാന്‍ സാധ്യതയുളള വിധത്തില്‍ ഫീല്‍ഡ് ചെയ്യുന്നതും പന്തെറിയുന്നതും ഒഴിവാക്കാനാണ് ധോണി റാഷിദിന് നിര്‍ദേശം നല്‍കിയത്.

‘ മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹവുമായി സമയം പങ്കിടുന്നത് എന്നെ സഹായിച്ചിട്ടുണ്ട്. അവസാന മത്സരത്തിന് ശേഷം പറഞ്ഞത് ഇക്കാര്യമാണ്. ‘ നീ ഫീല്‍ഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കേണം. ആവശ്യമില്ലാതിരുന്നിട്ടും നീ സ്ലൈഡ് ചെയ്യുകയും അഗ്രസീവായി ബോളെറിയുകയും ചെയ്യുന്നു. ഇവിടെ ഒരേയൊരു റാഷിദ് ഖാനാണുള്ളത്. ആളുകള്‍ നിന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നു. നിനക്ക് പരിക്ക് പറ്റിയാല്‍ എന്ത് സംഭവിക്കും, ജഡേജയോടും ഞാന്‍ ഇതുതന്നെയാണ് പറയുന്നത് ‘ ‘ റാഷിദ് ഖാന്‍ പറഞ്ഞു.

എംഎസ് ധോണിയ്ക്ക് കീഴില്‍ കളിക്കുന്നത് തന്റെ സ്വപ്‌നമാണെന്നും റാഷിദ് ഖാന്‍ വെളിപ്പെടുത്തി.

‘ എം എസ് ധോണിയുടെ കീഴില്‍ കളിക്കുകയെന്നത് എന്റെ സ്വപ്നമാണ്. കാരണം അദ്ദേഹത്തോടൊപ്പം കളിക്കുമ്പോള്‍ ലഭിക്കുന്ന എക്‌സ്പീരിയന്‍സ് വളരെ പ്രധാനപ്പെട്ടതാണ്. ഒരു സ്പിന്നര്‍ക്ക് വിക്കറ്റ് കീപ്പറുടെ സാന്നിധ്യം വളരെ നിര്‍ണായകമാണ്. അതിനെകുറിച്ച് എം എസ് ധോണിയേക്കാള്‍ നന്നായി മറ്റാര്‍ക്കും വിവരിച്ചുനല്‍കാനാകില്ല. ‘ റാഷിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 69 മത്സരങ്ങളില്‍ നിന്നും 85 വിക്കറ്റുകള്‍ നേടിയിട്ടുള്ള റാഷിദ് ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 269 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐസിസി ടി20 റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള റാഷിദ് ഖാന്‍ ഏകദിന റാങ്കിങില്‍ 15ാം സ്ഥാനത്തും ടെസ്റ്റ് റാങ്കിങില്‍ 34ാം സ്ഥാനത്തുമാണ്.

You Might Also Like