സൗദിയുടെ ഓഫർ തള്ളിയ റാമോസിന് ക്ലബായി, താരം വീണ്ടും സ്പെയിനിൽ തന്നെ കളിക്കും

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരവും ആരാധകരുടെ പ്രിയങ്കരനുമാണ് സെർജിയോ റാമോസ്. എന്നാൽ പിഎസ്‌ജി വിട്ടതിനു ശേഷം മറ്റൊരു ക്ലബ്ബിനെ കണ്ടെത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. നിലവിൽ മുപ്പത്തിയേഴു വയസുള്ള താരത്തിനായി നിരവധി ഓഫറുകൾ വന്നിരുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതു വരെ ഒരു ക്ലബിലേക്കും സ്‌പാനിഷ്‌ താരം ചേക്കേറിയിരുന്നില്ല.

രണ്ടു വർഷത്തെ കരാർ അവസാനിച്ചതോടെ ക്ലബ് വിട്ട സെർജിയോ റാമോസ് ഇപ്പോൾ പുതിയ ക്ലബ്ബിലേക്ക് ചേക്കേറിയിട്ടുണ്ട്. സൗദിയിൽ നിന്നും താരത്തിന് ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തള്ളിയ റാമോസ് തന്റെ മുൻ ക്ലബായ സെവിയ്യയിലേക്കാണ് ചേക്കേറിയത്. സെവിയ്യയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറി ഫുട്ബോൾ കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ റാമോസ് പതിനെട്ടു വർഷത്തിനു ശേഷമാണ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ഏതാനും ആഴ്ച്ചകൾക്ക് മുൻപ് സെവിയ്യ സ്പോർട്ടിങ് ഡയറക്റ്റർ വിക്റ്റർ ഓർട്ട റാമോസിനെ സ്വന്തമാക്കുക അസാധ്യമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ താരം തന്റെ പ്രതിഫലം വലിയ രീതിയിൽ വെട്ടിക്കുറയ്ക്കാൻ സന്നദ്ധനായതാണ് സെവിയ്യ ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ സഹായിച്ചതെന്നാണ് അനുമാനിക്കേണ്ടത്. താരം മെസിക്കാൾ പരിശോധനകൾക്കായി സെവിയ്യയിൽ എത്തിയിട്ടുണ്ട്.

സെവിയ്യയിലൂടെ പ്രൊഫെഷണൽ കരിയർ ആരംഭിച്ച സെർജിയോ റാമോസ് 1996 മുതൽ 2005 വരെ സെവിയ്യ താരമായിരുന്നു. അതിനു ശേഷം റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ റാമോസ് അവർക്കൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കുകയും ക്ലബിന്റെ നായകനായി ദീർഘകാലം സേവിക്കുകയും ചെയ്‌തു. ഇനി സെവിയ്യക്കൊപ്പം റയൽ മാഡ്രിഡിനെതിരെ തന്നെ ഇറങ്ങാനാണ് റാമോസ് ഒരുങ്ങുന്നത്.

You Might Also Like