പട്ടീദാര്‍ പുറത്ത്, മലയാളി താരം അരങ്ങേറും, അഞ്ചാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമിങ്ങനെ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ധരംശാലയില്‍ ഇന്ത്യ ഇറങ്ങുക പരീക്ഷണ ടീമുമായി. അടുത്തമാസം ഏഴിന് തുടങ്ങുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉണ്ടാവുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും അവസരം ലഭിച്ചിട്ടും തിളങ്ങാനാവാതിരുന്ന രജത് പാടീദാറിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുമെന്നുറപ്പാണ്. രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭയെ നേരിടാനൊരുങ്ങുന്ന മധ്യപ്രദേശ് ടീമിനായി കളിക്കാന്‍ രജത് പാടീദാറിനോട് ആവശ്യപ്പെടാനിരിക്കെ കെ എല്‍ രാഹുല്‍ അവസാന ടെസ്റ്റിലുമുണ്ടാവില്ലെന്ന വാര്‍ത്ത ഇന്ത്യന്‍ ടീമിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

മൂന്നാം ടെസ്റ്റിന് മുമ്പ് 90 ശതമാനം മാച്ച് ഫിറ്റ്‌നെസ് വീണ്ടെടുത്തുവെന്ന് പറഞ്ഞിരുന്ന കെ എല്‍ രാഹുല്‍ വിദഗ്ദ പരിശോധനകള്‍ക്കായി ലണ്ടനിലേക്ക് പോയി. മാര്‍ച്ച് ഏഴിന് മുമ്പ് രാഹുല്‍ തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ രജത് പാടീദാറിനെ രഞ്ജി ട്രോഫി സെമി കളിക്കാനായി ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്.

പാടീദാറിനെ ടീമില്‍ നിലനിര്‍ത്തിയാലും അവസാന ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനിടയില്ല. പാടീദാറിന് പകരം ടീമിലുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിന് അവസാന ടെസ്റ്റില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലാം നമ്പറിലാലും പടിക്കല്‍ ഇറങ്ങുക. രാഹുല്‍ തിരിച്ചെത്തിയാല്‍ പക്ഷെ പടിക്കല്‍ അരങ്ങേറ്റത്തിന് കാത്തിരിക്കേണ്ടിവരും.

ധരംശാലയിലെ പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ബൗണ്‍സ് ലഭിക്കുമെന്ന് കരുതുന്ന പിച്ചില്‍ ജസ്പ്രീത് ബുമ്രയെ തിരികെ വിളിച്ച് മുഹമ്മദ് സിറാജിന് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്.

 

 

You Might Also Like