ഹാര്‍ദ്ദിക്കും തിലകും ഏറ്റുമുട്ടി, കൈയ്യാങ്കളി തടഞ്ഞ് രോഹിത്തും ടീമുടകളും, മുംബൈ ഡ്രെസ്സിംഗ് റൂം കത്തുന്നു

Image 3
CricketCricket News

അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സില്‍ പാളയത്തില്‍ പട രൂക്ഷം. രോഹിത് ശര്‍മയെ പുറത്താക്കി പകരം ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി എത്തിയത് മുതല്‍ മുംബൈ ടീമിനകത്തു പ്രശ്നങ്ങള്‍ പുകയുകയാണ്. ഏറ്റവും ഒടുവില്‍ താരങ്ങള്‍ തമ്മിലുളള ഈ പോര് കൈയാങ്കളിയുടെ വക്കില്‍ വരെയെത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ക്യാപ്റ്റന്‍ ഹാര്‍ദിക്കും യുവതാരമായ തിലക് വര്‍മയും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായും ഒടുവില്‍ കൈയാങ്കളിയിലേക്കു നീങ്ങുമെന്നു വന്നപ്പോള്‍ രോഹിത്തും ടീമുടമകളും ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിനു ശേഷമായിരുന്നത്രെ സംഭവം.

കളിയില്‍ മുംബൈ പരാജയപ്പെട്ട ശേഷം തിലകിനെ ഹാര്‍ദിക് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. 257 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 10 റണ്‍സിന്റെ പരാജയം സമ്മതിക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 247 റണ്‍സാണ് മുംബൈയ്ക്കു നേടാനായത്. കളിയില്‍ മുംബൈയുടെ ടോപ്സ്‌കോററായത് 63 റണ്‍സെടുത്ത തിലകായിരുന്നു. 32 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്സില്‍ നാലു വീതം ഫോറും സിക്സറുമുള്‍പ്പെട്ടിരുന്നു.

ടീമിനായി അവസാനം വരെ പൊരുതിയിട്ടും തിലകിനെ പ്രശംസിക്കാന്‍ തയ്യാറാവാതെ കുറ്റപ്പെടുത്തുകയാണ് ഹാര്‍ദിക് ചെയ്തത്. ഡിസിയുടെ ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെതിരേ തിലക് വേണ്ടത്ര ആക്രമണോത്സുകത കാണിച്ചില്ലെന്നും ഇതാണ് തോല്‍വിക്കു കാരണമെന്നുമായിരുന്നു ഹാര്‍ദിക്കിന്റെ വിമര്‍ശനം.

ഇതിനു പിന്നാലെയാണ് മുംബൈ ടീമിന്റെ ഡ്രസിങ് റൂമില്‍ വച്ച് ഹാര്‍ദിക്കും തിലകും തമ്മില്‍ രൂക്ഷമായ വാക്പോരില്‍ ഏര്‍പ്പെട്ടത്. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നു ബോധ്യമായതോടെ രോഹിത്തും മുംബൈ ടീമുടമകളും ഇടപെടുകയും ഇരുവരെയും പിടിച്ചുമാറ്റുകയുമായിരുന്നു.

അതെസമയം ഈ സീസണില്‍ മുംബൈ പതറിയപ്പോഴെല്ലാം മികച്ച ഇന്നിങ്സുകളുമായി ടീമിനെ രക്ഷിച്ചത് തിലകായിരുന്നു. സീസണില്‍ മുംബൈയുടെ ടോപ്സേകോററും തിലക് തന്നെയാണ്. 10 മല്‍സരങ്ങളില്‍ നിന്നും 42.87 ശരാശരിയില്‍ 153.81 സ്ട്രൈക്ക് റേറ്റോടെ 343 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഇത്രയും നന്നായി പെര്‍ഫോം ചെയ്തിട്ടും ഡിസിക്കെതിരായ മല്‍സരശേഷം തന്നെ മാത്രം ഹാര്‍ദിക് പരസ്യമായി വിമര്‍ശിച്ചതില്‍ തിലകിനു കടുത്ത അമര്‍ഷമുണ്ട്. ഡിസിയുമായുള്ള മല്‍സരം കഴിഞ്ഞ് ഹാര്‍ദിക്കും തിലകും ഇതേക്കുറിച്ച് സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയത്.