ഹാര്‍ദ്ദിക്കിന് അനാവശ്യ പ്രിവിലേജ് നല്‍കുന്നു, വൈസ് ക്യാപ്റ്റനാകേണ്ടിയിരുന്നത് മറ്റൊരാള്‍, തുറന്നടിച്ച് ഇന്ത്യന് താരം

Image 3
CricketCricket News

ടി20 ലോകകപ്പില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തില്‍ രോഷം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകാന്‍ ഹാര്‍ദ്ദിക്കിനേക്കാള്‍ എന്തുകൊണ്ടും അര്‍ഹത ജസ്പ്രിത് ഭുംറയ്ക്കായിരുന്നു എന്നാണ് ഇര്‍ഫാന്‍ വിലയിരുത്തുന്നത്.

‘ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ വിജയിക്കണമെങ്കില്‍ എല്ലാ താരങ്ങളെയും ഒരേ രീതിയില്‍, പക്ഷപാതമില്ലാതെ പരിഗണിക്കേണ്ടത് ആവശ്യമാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തിലേക്കു വന്നാല്‍ നേതൃനിരയുടെ തുടര്‍ച്ചയുടെ പ്രാധാന്യം കൊണ്ടായിരിക്കാം ലോകകപ്പിലും വൈസ് ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തെ നിലനിര്‍ത്തിയത്. എന്നിരുന്നാലും നിലവിലെ പ്രകടനം പരിഗണിക്കുമ്പോള്‍ ഭുംറയായിരുന്നു ഈ റോളിലേക്കു വരേണ്ടിയിരുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു’ ഇര്‍ഫാന്‍ വ്യക്തമാക്കി.

അതെസമയം ബിസിസിഐയുടെ ശിക്ഷ നടപടിയില്‍ നിന്ന് ഭാഗ്യം കൊണ്ട് ഇര്‍ഫാന്‍ പത്താന്‍ രക്ഷപ്പെടുകയായിരുന്നെന്നും ഇര്‍ഫാന്‍ നിരീക്ഷിക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ അടുത്തിടെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നുമൊഴിവാക്കിയിരുന്നു. പക്ഷെ സമാനമായൊരു ശിക്ഷ ലഭിക്കാതെ ഹാര്‍ദിക്ക് രക്ഷപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്നു ഇര്‍ഫാന്‍ നിരീക്ഷിച്ചു.

നിലവില്‍ ബിസിസിഐയുടെ ഗ്രേഡ് എ കരാറില്‍ ഉള്‍പ്പെട്ട താരമാണ് അദ്ദേഹം. പരിക്കേറ്റ് മാസങ്ങളോളം പുറത്തിരുന്ന ഹാര്‍ദിക്ക് ഐപിഎല്ലിനു തൊട്ടുമുമ്പാണ് ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റിലൂടെ കളിക്കളത്തില്‍ തിരിച്ചെത്തിയത്. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. കാരണം ടീമിലെ മറ്റുള്ളവര്‍ക്കു ഇതു തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ചില കളിക്കാര്‍ക്കു മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ശരിയല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ അതു ടീമിന്റെ അന്തരീക്ഷത്ത ദോഷമായിട്ടാണ് ബാധിക്കുന്നത്’ ഇര്‍ഫാന്‍ പറഞ്ഞു.

‘ടെന്നീസ് പോലെയല്ല ക്രിക്കറ്റ്. ഇതൊരു ടീം സ്പോര്‍ട്ടാണ്. ഇവിടെ തുല്യത പ്രധാനമാണ്. മുഴുവന്‍ താരങ്ങളും ഒരേ രീതിയില്‍ പരിഗണിക്കപ്പെടേണ്ടത് ആവശ്യമാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെപ്പോലെ പേരെടുത്ത കളിക്കാരെയും പുതുമുഖങ്ങളെയും തുല്യമായി പരിഗണിക്കണം. ഇപ്പോള്‍ ഹാര്‍ദിക്കിന്റെ കാര്യത്തില്‍ മാത്രമല്ല നേരത്തേയും ഈ തരത്തില്‍ ചില കളിക്കാര്‍ക്കു മാത്രം പ്രത്യേക പരിഗണന നല്‍കുന്നതിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ ടി20 ലോകകപ്പിനിടെയും ഇതു കണ്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിയമങ്ങള്‍ക്കു എതിരാണിത്. ചില പ്രത്യേക കളിക്കാര്‍ക്കു മാത്രം അനാവശ്യമായ മുന്‍തൂക്കം നല്‍കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല’ ഇര്‍ഫാന്‍ വ്യക്തമാക്കി.