ചിലത് തെളിയ്ക്കണം, സഞ്ജു സാംസണ്‍ ഇന്നിറങ്ങുന്നു, തീപാറും

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബാറ്റ് ചെയ്യാന്‍ സഞ്ജു സാംസണ്‍ ഇന്നിറങ്ങും. സയ്യിദ് മുഷ്താഖ് ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനായാണ് സഞ്ജു സാംസണ്‍ ഇന്ന് കളിക്കാനിറങ്ങുന്നത്. ഹിമാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍.

മുംബൈയിലെ ശരത് പവാര്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ടി20 മത്സരം നടക്കുന്നത്. വൈകിട്ട് 4:30നാണ് സഞ്ജു ആരാധകര്‍ കാത്തിരിക്കുന്ന മത്സരം. കേരള ടീമിന്റെ നായകനാണ് സഞ്ജു സാംസണ്‍. കിരീടം ലക്ഷ്യം വെക്കുന്ന സഞ്ജുവും കേരളവും ടൂര്‍ണമെന്റില്‍ ജയിച്ചുതുടങ്ങാമെന്ന പ്രതീക്ഷയിലാണ്.

കിടിലന്‍ താരനിരയാണ് ഇക്കുറി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനൊപ്പമുള്ളത്. രോഹന്‍ കുന്നുമ്മലും, സച്ചിന്‍ ബേബിയും, മൊഹമ്മദ് അസറുദ്ദീനും, വിഷ്ണു വിനോദും ബാറ്റിങ് നിരയിലുള്ളതുകൊണ്ടുതന്നെ ഒട്ടും സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഞ്ജുവിനാകും. ഇത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇത്തവണത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണെ സെലക്ടര്‍മാര്‍ തഴഞ്ഞത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള സഞ്ജുവിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകരെ ശരിക്കും ചൊടിപ്പിച്ചു. സമൂഹമാധ്യമങ്ങളിലടക്കം ഇതിനെതിരെ അവര്‍ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു.

എന്നാല്‍ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടതില്‍ നിരാശനായിരിക്കാതെ ദേശീയ ടീമിലേക്ക് തിരിച്ചുവരവിനുള്ള വഴികള്‍ നോക്കുകയാണ് സഞ്ജുവിപ്പോള്‍. കഴിഞ്ഞയാഴ്ച കേരള സംസ്ഥാന ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്ന താരം അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്നാണ് സ്വപ്‌നം കാണുന്നത്.

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ മത്സരങ്ങള്‍

ഒക്ടോബര്‍ 16: ഹിമാചല്‍ പ്രദേശിനെതിരെ

ഒക്ടോബര്‍ 17: സര്‍വീസസിനെതിരെ

ഒക്ടോബര്‍ 19: ബീഹാറിനെതിരെ

ഒക്ടോബര്‍ 21: ചണ്ഡീഗഢിനെതിരെ

ഒക്ടോബര്‍ 23: സിക്കിമിനെതിരെ

ഒക്ടോബര്‍ 25: ഒഡീഷയ്‌ക്കെതിരെ

ഒക്ടോബര്‍ 27: അസമിനെതിരെ

(കേരളത്തിന്റെ നാല് മത്സരങ്ങള്‍ മുംബൈയിലെ ബാന്ദ്ര കുര്‍ള കോമ്പ്‌ലക്‌സിലും, മൂന്ന് മത്സരങ്ങള്‍ നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലും നടക്കും.

You Might Also Like