ലോക പര്യടനത്തിനൊരുങ്ങി റെയ്‌ന, നിര്‍ണ്ണായക നീക്കവുമായി ‘മിസ്റ്റര്‍ ഐപിഎല്‍’

ഐപിഎല്‍ താരലേലത്തില്‍ എടുക്കാചരക്കായതിനെ തുടര്‍ന്ന ക്രിക്കറ്റ് കരിയര്‍ തന്നെ ഏതാണ്ട് അവസാനിച്ചു എന്ന് വിലയിരുത്തപ്പെടുത്ത സൂപ്പര്‍ താരം സുരേഷ് റെയ്‌ന കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നു. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഫ്രാഞ്ചസി ക്രിക്കറ്റ് ലീഗില്‍ സജീവമാകാനാണ് റെയ്‌ന നീക്കം നടത്തുന്നത്.

ഇതിന്റെ ഭാഗമായി എന്‍ഒസിയ്ക്കായി ബിസിസിഐ സമീപിച്ചിരിക്കുകയാണ് റെയ്‌ന. ബിഗ് ബാഷ് ലീഗിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും കളിക്കാന്‍ അനുവദിക്കണമെന്നാണ് റെയ്‌ന അപേക്ഷിച്ചിരിക്കുന്നത്. ഈ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ലോകം മുഴുവനുമുളള മുഴുവന്‍ ലീഗുകളുടേയും ഭാഗമാകാനാണ് റെയ്‌ന തയ്യാറെടുക്കുന്നത്.

അതെസമയം ബിസിസിയുടെ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് ഐപിഎലലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് വിദേശത്തെ ട്വന്റി20 ലീഗുകളിലോ ടി10 ലീഗുകളില്‍ കളിക്കാനാകില്ല. ബിസിസിഐയുമായി കരാറുള്ളവരാണെങ്കിലും ദേശീയ ടീമില്‍ സ്ഥാനമില്ലെങ്കില്‍ പോലും ആര്‍ക്കും കളിക്കാന്‍ അനുവാദമില്ല.

ബിസിസിഐ ഏതെങ്കിലും കളിക്കാരന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ തന്നെ അത് വിരമിച്ചവര്‍ക്കായിരിക്കും. പിന്നീട് ബിസിസിഐയുടെ ഒരു ടൂര്‍ണമെന്റിലും അയാള്‍ക്ക് കളിക്കാനാകില്ല.

റെയ്‌നയെ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയാല്‍ പിന്നീട് ഐപിഎല്ലിലേക്ക് മിസ്റ്റര്‍ ഐപിഎല്ലിന് തിരിച്ചുവരവ് ഉണ്ടാകില്ല. ബിസിസിഐയുടെ കരാറില്ലാത്ത താരങ്ങള്‍ക്ക് വിദേശത്ത് കളിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ഐസിസിയുമായും ഫ്രാഞ്ചൈസികളുമായും കൂടിക്കാഴ്ച നടത്തണമെന്ന് റെയ്ന ആവശ്യപ്പെട്ടു.

ഇതാദ്യമായിട്ടായിരുന്നു റെയ്ന ഐപിഎല്ലില്‍ അണ്‍സോള്‍ഡ് ആയത്. രണ്ടു കോടി അടിസ്ഥാന വിലയായിട്ടും താരത്തിനെ ഏറ്റെടുക്കാന്‍ സിഎസ്‌കെ രംഗത്ത് വന്നിരുന്നില്ല.

You Might Also Like