ധോണിയുടെ 18 വര്‍ഷം പഴക്കമുളള അപൂര്‍വ്വ റെക്കോര്‍ഡ് തകര്‍ന്നു

അഫ്ഗാനിസ്ഥാന്‍ – പാകിസ്ഥാന്‍ രണ്ടാം ഏകദിനത്തില്‍ നിര്‍ണ്ണായകമായ ഒരു റെക്കോര്‍ഡ് തകര്‍ന്നു. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ 18 വര്‍ഷം പഴക്കമുളള റെക്കോര്‍ഡ് ആണ് തകര്‍ന്നത്. അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്മാനുല്ല ഗുര്‍ബാസ് സെഞ്ച്വറി നേടിയാണ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

പാകിസ്ഥാനെതിരെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡാണ് ഗുര്‍ബാസ് നേടിയത്. 2005ല്‍ വിശാഖപട്ടണത്ത് ധോണി നേടിയ 148 റണ്‍സായിരുന്നു ഇതുവരെയുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

151 റണ്‍സ് നേടിയാണ് ഗുര്‍ബാസ് ഈ റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. മത്സരത്തില്‍ 151 പന്തുകള്‍ നേരിട്ട് 14 ഫോറും മൂന്ന് സിക്സും സഹിതമാണ് താരം 151 റണ്‍സ് വാരിയത്. പാകിസ്ഥാനെതിരെ ഒരു അഫ്ഗാന്‍ താരം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്.

2005ല്‍ പാകിസ്ഥാനെതിരെ മൂന്നാം സ്ഥനത്തിറങ്ങിയാണ് ധോണി 148 റണ്‍സ് അടിച്ചത്. 123 പന്തില്‍ 15 ഫോറും നാല് സിക്സും സഹിതമായിരുന്നു കിടിലന്‍ ഇന്നിങ്സ്.

അതെസമയം ഗുര്‍ബാസിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ 300 റണ്‍സ് ചേര്‍ത്തെങ്കിലും വിജയം പാകിസ്ഥാനൊപ്പം നിന്നു. നാടകീയ പോരാട്ടത്തില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 302 റണ്‍സ് അടിച്ചാണ് വിജയം പിടിച്ചത്.

You Might Also Like