മെസിക്ക് ബാലൺ ഡി ഓർ നൽകരുത്, മത്സരമുണ്ടാകേണ്ടത് മറ്റു രണ്ടു താരങ്ങൾ തമ്മിലെന്നു ഫ്രഞ്ച് താരം

2023ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഈ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കയാണ്. ഇത്തവണ ബാലൺ ഡി ഓറിനായി കൂടുതൽ മത്സരം ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഖത്തർ ലോകകപ്പിൽ ഐതിഹാസിക പ്രകടനവുമായി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച ലയണൽ മെസിയും കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ട്രെബിൾ കിരീടം നേടിക്കൊടുത്ത എർലിങ് ഹാലൻഡും തമ്മിലായിരിക്കും മത്സരം. മറ്റു താരങ്ങൾ ഇവർക്ക് ഭീഷണിയാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

അതേസമയം ഫ്രഞ്ച് മധ്യനിര താരമായ അഡ്രിയാൻ റാബിയാട്ടിന് ഇക്കാര്യത്തിൽ തീർത്തും വ്യത്യസ്‌തമായ അഭിപ്രായമാണുള്ളത്. ലയണൽ മെസി ഇത്തവണ ബാലൺ ഡി ഓർ നേടാൻ അർഹനല്ലെന്നാണ് റാബിയോട്ട് കരുതുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. മെസിയുടെയും റൊണാൾഡോയുടെയും സ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്ന എംബാപ്പയും ഹാലൻഡും തമ്മിലാണ് മത്സരം നടക്കേണ്ടതെന്നാണ് റാബിയോട്ട് പറയുന്നത്.

“ബാലൺ ഡി ഓർ ലഭിക്കാൻ പോകുന്നത് മെസിക്കാണെന്ന് ഞാൻ കേൾക്കുന്നു, പക്ഷേ സ്പോർട്ടിങ് ലെവലിൽ നോക്കുമ്പോൾ കിലിയൻ എംബാപ്പെയും എർലിംഗ് ഹാലൻഡും തമ്മിലായിരിക്കണം മത്സരം. അവയിലൊരാളിനെ പറയുന്നത് സങ്കീർണമായിരിക്കും, അത് പല കാര്യങ്ങളെ അടിസ്ഥാനമാക്കിയിരിക്കുന്നു. ഇതൊരിക്കലും ആരും സമ്മതിക്കാൻ പോകുന്നില്ല, പക്ഷെ അവർ തമ്മിലായിരിക്കും മത്സരമെന്ന് ഞാൻ കരുതുന്നു.” റാബിയോട്ട് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഈ രണ്ടു താരങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ എംബാപ്പയുടെ പേര് റാബിയോട്ട് പറഞ്ഞത് സഹതാരമായതിനാൽ മാത്രമാണെന്ന് വ്യക്തമാണ്. മെസിയെ ഒഴിവാക്കിയത് അർജന്റീനയോട് ലോകകപ്പ് ഫൈനലിൽ ഏറ്റുവാങ്ങിയ തോൽവിയുടെ ക്ഷീണം കൊണ്ടാണെന്നും കരുതാവുന്നതാണ്. ബാലൺ ഡി ഓറിനു വേണ്ടിയുള്ള മത്സരം മെസിയും ഹാലൻഡും തമ്മിലായിരിക്കുമെന്നതിലും സംശയമില്ല.

You Might Also Like