ഓസിലിന്റെ ചിത്രവുമായി വാ പൊത്തി കാണികള്‍, ഗ്യാലറിയില്‍ ജര്‍മ്മനിയെ പ്രകോപിപ്പിക്കുന്ന പ്രതിഷേധം

ലോകകപ്പില്‍ സ്‌പെയിന്‍-ജര്‍മ്മനി മത്സരം നടന്ന അല്‍ ബെയ്ത് സ്റ്റേഡിയം വേറിട്ട പ്രതിഷേധത്തിനും സാക്ഷിയായി. രണ്ടാം മത്സരം കളിക്കാനെത്തിയ ജര്‍മ്മനിക്കെതിരെയാണ് ഒരുകൂട്ടം കാണികള്‍ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.

വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായി വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വന്ന മുന്‍ ജര്‍മ്മന്‍ താരം മെസ്യൂട്ട് ഓസിലിന്റെ ചിത്രം കയ്യിലേന്തി വാ പൊത്തിയായിരുന്നു ആരാധകര്‍ സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്. ജര്‍മ്മനിക്ക് ഓസിലിന്റെ കാര്യത്തിലും എല്‍ജിബിടിക്യൂ സമൂഹത്തിന്റെ കാര്യത്തിലും ഇരട്ടത്താപ്പാണെന്ന് ഇവര്‍ ആരോപിച്ചു.

ജപ്പാനുമായുളള ആദ്യ മത്സരത്തിന് മുമ്പ് ജര്‍മ്മന്‍ ടീം ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ വാ പൊത്തിപ്പിടിച്ച് പ്രതിഷേധിച്ചിരുന്നു. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരെയായിരുന്നു ജര്‍മ്മന്‍ താരങ്ങളുടെ പ്രതിഷേധം. എല്‍ജിബിടിക്യൂ സമൂഹത്തോടുളള ഖത്തറിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നതിനാണ് മഴവില്‍ നിറത്തിലുള്ള വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നത്.

നാല് വര്‍ഷം മുമ്പാണ് ഓസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. 2018ലെ ലോകകപ്പ് തോല്‍വിക്ക് ശേഷം ഓസിലിനെതിരെ വംശീയാധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ മനംമടുത്താണ് മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘ഞാന്‍ ഗോള്‍ നേടുമ്പോള്‍ ജര്‍മന്‍കാരനും ടീം പരാജയപ്പെടുമ്പോള്‍ കുടിയേറ്റക്കാരനുമാവുന്നു.’ വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസില്‍ പറഞ്ഞത് ഇതാണ്.

You Might Also Like