അഴിമതിയിലൂടെയാണ് മെസിക്ക് ബാലൺ ഡി ഓർ ലഭിച്ചത്, ഗുരുതരമായ ആരോപണത്തിൽ അന്വേഷണം

ലയണൽ മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തെച്ചൊല്ലി വിവാദം കനക്കുന്നു. ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം 2021ൽ ലയണൽ മെസിക്ക് ലഭിച്ച ബാലൺ ഡി ഓർ നേട്ടത്തിന്റെ പേരിലാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ഈ ബാലൺ ഡി ഓർ പുരസ്‌കാരം മെസി അർഹിച്ചതല്ലെന്നും അഴിമതിയിലൂടെയാണ് അത് സ്വന്തമായതെന്നുമാണ് ആരോപണം.

ബാഴ്‌സലോണക്കൊപ്പം ഒരു കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയ മെസി 2021ൽ ആദ്യമായി അർജന്റീന ടീമിനൊപ്പം ഒരു കിരീടവും നേടിയിരുന്നു. കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ സന്തോഷവുമായി ബാഴ്‌സയിൽ തിരിച്ചെത്തിയ താരത്തിന് പക്ഷെ ക്ലബ് വിടേണ്ടി വന്നു. തുടർന്നാണ് മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. പിഎസ്‌ജിയിൽ കളിക്കുമ്പോഴാണ് മെസിയെ ബാലൺ ഡി ഓർ നേട്ടം തേടിയെത്തുന്നത്.

എന്നാൽ ഈ ബാലൺ ഡി ഓർ നേട്ടം മെസിക്ക് നൽകാൻ പിഎസ്‌ജി സ്വാധീനം ചെലുത്തിയെന്നാണ് ആരോപണം ഉയരുന്നത്. ആ സമയത്ത് ഫ്രാൻസ് ഫുട്ബോൾ ചീഫായ പാസ്‌കൽ ഫെരെയേ സ്വാധീനിക്കാനുള്ള കാര്യങ്ങൾ പിഎസ്‌ജി ചെയ്‌തുവെന്നും മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തിലൂടെ ക്ലബിന്റെ മാർക്കറ്റ് വലുതാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2021ലെ ബാലൺ ഡി ഓർ ലയണൽ മെസി അർഹിക്കുന്നില്ലെന്ന് നിരവധി പേർ ആ സമയത്തു തന്നെ അഭിപ്രായപ്പെട്ടിരുന്നു. ലെവൻഡോസ്‌കിയാണ് അവാർഡ് അർഹിച്ചതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതിനു തൊട്ടു മുൻപത്തെ വർഷം കോവിഡ് കാരണം ബാലൺ ഡി ഓർ ഒഴിവാക്കിയതിനാൽ ലെവൻഡോസ്‌കി അർഹിച്ച പുരസ്‌കാരം നഷ്‌ടമായിരുന്നു.

You Might Also Like