ഒടുവില്‍ അവരെത്തുന്നു, ടീം ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത

ശ്രീലങ്കയില്‍ ഐസോലേഷനിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാര്‍ യാദവും പൃത്ഥ്വി ഷായും ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. കായിക താരങ്ങള്‍ക്ക് യുകെ ഭരണകൂടം അനുവദിച്ചിട്ടുള്ള ഇളവിലൂടെയാണ് പൃത്ഥ്വിക്കും സൂര്യക്കും ലണ്ടനിലേക്ക് പറക്കാനുള്ള വഴി തെളിഞ്ഞത്.

യുകെയില്‍ എത്തുന്ന സൂര്യകുമാറും പൃഥ്വിയും 10 ദിവസം ക്വാറന്റൈനിലിരിക്കണം. ഇതിലൂടെ ഇരുവര്‍ക്കും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമാവുമെന്ന് ഉറപ്പാണ്. ഓഗസ്റ്റ് 12നാണ് രണ്ടാം ടെസ്റ്റ്. ഈ സമയമാവുമ്പോഴേക്കും ഇവരുടെ ക്വാറന്റൈന്‍ അവസാനിച്ചാലും വേണ്ട റെഡ് ബോള്‍ പരിശീലനം നേടിയിട്ടുണ്ടാവില്ല.

യുകെയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യമാണ് ശ്രീലങ്ക. ശ്രീലങ്കയില്‍ നിന്നുള്ള യുകെ, ഐറിഷ് പൗരന്മാര്‍ക്ക് മാത്രമാണ് നിലവില്‍ യുകെ പ്രവേശനാനുമതി നല്‍കുന്നത്. എന്നാല്‍ ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ഉടമ്പടി പ്രകാരമാമ് കായിക താരങ്ങള്‍ക്ക് പ്രവേശന അനുമതി ലഭിച്ചത്.

യൂറോ കപ്പിനും വിംബിള്‍ഡണിനുമായി യുകെയിലേക്ക് എത്താന്‍ കായിക താരങ്ങള്‍ക്ക് ഇളവ് അനുവദിച്ചാണ് യുകെ ഭരണകൂടം നിയമങ്ങളില്‍ അയവ് വരുത്തിയത്. ഈ നിയമം പ്രയോജനപ്പെടുത്തിയാണ് ബിസിസിഐ രണ്ട് കളിക്കാരെ യുകെയിലേക്ക് എത്തിക്കുന്നത്.

അതെസമയം ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ സംഘം ഇന്ന് നോട്ടിങ്ഹാമിലേക്ക് തിരിക്കും. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍ ഉളളത്.

You Might Also Like