പൂരം കൊടിയേറാന്‍ കഥകളി, തെയ്യം, ചെണ്ടമേളം; പ്രീമിയര്‍ ലീഗ് പോസ്റ്ററില്‍ തിളങ്ങി മലയാളം

ലണ്ടന്‍: ഒരുമാസം നീണ്ട ലോകകപ്പ് ഇടവേളക്ക് ശേഷം പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും സജീവമാകുകയാണ്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ പ്രിയക്ലബുകള്‍ ഗോളടിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. മലയാളികളുടെ ഫുട്‌ബോള്‍ ആരാധന ഖത്തര്‍ലോകകപ്പ് സമയത്ത് ലോകംമുഴുവന്‍ കണ്ടതാണ്.

കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറിന്റേയും ക്രിസ്റ്റ്യാനോയുടേയും കൂറ്റന്‍കട്ടൗട്ടുകള്‍ അതിരുകള്‍ ഭേദിച്ച് ശ്രദ്ധനേടുകയും ചെയ്തു. ഇപ്പോഴിതാ പ്രീമിയര്‍ലീഗിന്റെ തിരിച്ചുവരവിലും കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നു.


പ്രീമിയര്‍ലീഗ് ഫുട്‌ബോള്‍ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് കേരളത്തിലെ സാംസ്‌കാരിക ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തി മനോഹര ഗ്രാഫിക്‌സോടെയുള്ള ചിത്രം പോസ്റ്റ് ചെയ്തത്. പ്രീമിയര്‍ലീഗ് തിരിച്ചുവരുന്നു എന്ന ക്യാപ്ഷനിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.

കേരളത്തിലെ കലാരൂപങ്ങളായ കഥകളിയും തെയ്യവും ചെണ്ടകൊട്ടുമെല്ലാം ഉള്‍കൊള്ളിച്ച ഉത്സവപ്രീതീതിയിലുള്ള പോസ്റ്ററില്‍ ഹാരികെയിനും ബുക്കായോ സാക്കെയും ബ്രൂണോ ഫെര്‍ണാണ്ടസും നൃത്തംചെയ്യുന്നതും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് മിനറ്റുകള്‍ക്കകം കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.


നേരത്തെ പുള്ളാവൂരിലെ കട്ടൗട്ടുകള്‍ ഫിഫ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്തിരുന്നു.അര്‍ജന്റീനയും ബ്രസീലുമടക്കമുള്ള രാജ്യങ്ങളിലും ഈ ചിത്രം വൈറലായി. ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ പിന്തുണച്ച കേരളത്തിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് അര്‍ജന്റീന ഔദ്യോഗിക പേജില്‍ പോസ്റ്റിട്ടിരുന്നു. ബ്രസീല്‍സൂപ്പര്‍താരം നെയ്മറും കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ലോകകപ്പ് ഇടവേളക്ക് ശേഷം ബ്രെന്‍ഡ് ഫോര്‍ഡ്-ടോട്ടന്‍ഹാം മത്സരത്തോടെയാണ് പ്രീമിയര്‍ലീഗിന് തുടക്കമാകുക. മറ്റുപ്രധാന മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല ലിവപൂളിനെ നെരിടും. നാളെ പുലര്‍ച്ചെ 1.30ന് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്ന ആഴ്‌സണല്‍ വെസ്റ്റ്ഹാമിനെ നേരിടും.

 

You Might Also Like