ടീമിനെ ഒറ്റക്ക് നേട്ടങ്ങളിലേക്ക് നയിക്കാന്‍ ഒരാള്‍ക്കേ കഴിയൂ; അഗ്യൂറോയുടെ പ്രിയതാരം ഇതാണ്

പ്രീമിയര്‍ലീഗ് സീസണ്‍ ആരംഭിച്ചതു മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി മിന്നും പ്രകടനമാണ് നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡ് നടത്തുന്നത്. പലപ്പോഴും ടീമിന്റെ വിജയശില്‍പിയാകാനും ചുരുങ്ങിയ മത്സരങ്ങള്‍ക്കുള്ളില്‍ യുവതാരത്തിനായി. എന്നാല്‍ താരത്തിന്റെ ഈ പ്രകടനമൊന്നും മതിയാകില്ല ലീഗ് മത്സരങ്ങള്‍ വിജയിക്കാനെന്നാണ് അര്‍ജന്റീനനയുടേയും മാഞ്ചസ്റ്റര്‍ സിറ്റിയുടേയും മുന്‍താരം സെര്‍ജിയോ അഗ്യൂറോ പറയുന്നത്.

ഹാലന്‍ഡ് മാത്രം വിചാരിച്ചാല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ കഴിയില്ല എന്നാണ് അഗ്വേറോ പറയുന്നത്. അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് അല്ലാതെ മറ്റൊരാള്‍ക്കും ഒറ്റയ്ക്ക് ഒരു ടീമിന് ലീഗ് കിരീടം നേടിക്കൊടുക്കല്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പ്രീമിയര്‍ ലീഗില്‍ അതിവേഗത്തില്‍ 20ഗോള്‍നേടുന്ന താരമായി ഇതിനകം റെക്കോര്‍ഡ് പുസ്തകത്തില്‍ ഹാലന്‍ഡ് ഇടംപിടിച്ചുകഴിഞ്ഞു. 19 മത്സരങ്ങളിലാണ് ഇതുവരെ കളിച്ചത്. 25 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഇതിനകം നേടികഴിഞ്ഞു. എന്നാല്‍ പോയന്റ് ടേബിളില്‍ ആഴ്‌സനലിന് താഴെ രണ്ടാമതാണ് സിറ്റി. നിലവില്‍ 5 പോയിന്റിന്റെ വ്യക്തമായ ലീഡ് സിറ്റിക്കുമേല്‍ ആഴ്‌സണലിനുണ്ട്. ഒരു മത്സരം കുറച്ചാണ് ആഴ്‌സണല്‍ കളിച്ചിട്ടുള്ളത്. ലീഗിലേക്ക് തിരിച്ചുവരാന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് മെസിയേയും ഹാലന്‍ഡിനേയും താരതമ്യപ്പെടുത്തി അഗ്യൂറോ രംഗത്തെത്തിയത്.


അതേസമയം, 22 വയസ് പ്രായംമാത്രമുള്ള ഹാലന്‍ഡ് ഇതേ ഫോംതുടര്‍ന്നാല്‍ പലറെക്കോര്‍ഡുകളും കടപുഴകുമെന്നുറപ്പാണ്. ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഈസീസണില്‍ സിറ്റി താരത്തെ സൈന്‍ചെയ്യിച്ചത്.ചാമ്പ്യന്‍സ് ലീഗില്‍ 4കളിയില്‍ നിന്ന് അഞ്ച് ഗോളും ഇഎഫ്എല്‍കപ്പില്‍ ഒരുഗോളും നേടിയിട്ടുണ്ട്. ദേശീയടീമില്‍ 23 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളാണ് സ്‌കോര്‍ചെയ്തിട്ടുള്ളത്.

You Might Also Like