പ്രീമിയര്‍ലീഗില്‍ അതിവേഗം 20 ഗോള്‍; റെക്കോര്‍ഡുകള്‍ ഒന്നൊന്നായി ഹാലണ്ടിലേക്ക്

ലണ്ടന്‍: ലോകകപ്പ് ഇടവേളക്ക് ശേഷം നടന്ന ആദ്യമത്സരം ഗോളാഘോഷമാക്കി മാഞ്ചസ്റ്റര്‍സിറ്റി. സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ടിന്റെ ഇരട്ടഗോള്‍ മികവിലാണ് ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് സിറ്റി മറികടന്നത്. ലീഡ്‌സിനെതിരായ ഗോള്‍നേട്ടത്തോടെ പ്രീമിയര്‍ലീഗില്‍ ഏറ്റവും വേഗത്തില്‍ 20 ഗോളുകള്‍ സ്വന്തമാക്കുന്നതാരമെന്ന റെക്കോര്‍ഡും സ്വന്തംപേരിലാക്കി.

14 മത്സരത്തില്‍ നിന്നാണ് നോര്‍വീജിയന്‍ താരം ഇത്രയും ഗോള്‍നേടിയത്. കൂടാതെ ചെല്‍സി, ക്രിസ്റ്റല്‍ പാലസ്, ആസ്റ്റണ്‍വില്ല, ബേര്‍ണ്‍ മൗത്ത്, വെസ്റ്റ്ഹാം, എവര്‍ട്ടണ്‍, വൂള്‍വ്‌സ്, നോട്ടിംഗ്ഹാം ഫോറസ്റ്റ്, സതാംപ്ടണ്‍ ക്ലബുകള്‍ ഇതുവരെ മൊത്തം 20 ഗോള്‍നേടാതിരിക്കുമ്പോഴാണ് ഹാലണ്ട് ഒറ്റക്ക് 20 മറികടന്നത്.


പ്രീമിയര്‍ലീഗ് പോയന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇതുവരെ 43 ഗോളുകളാണ് നേടിയത്. അതില്‍ പകുതിയും ഈ യുവതാരത്തിന്റെ വകയായിരുന്നു. മത്സരശേഷം പ്രീമിയര്‍ലീഗ് തിരിച്ചുവരവിലുള്ള ആത്മവിശ്വാസം താരം മാധ്യമങ്ങളോട് പങ്കുവെച്ചു.

ലോകകപ്പില്‍ മറ്റു കളിക്കാര്‍ ഗോള്‍നേടുന്നത് പുറത്തുനിന്ന് കാണേണ്ടിവന്നത് തന്നെ പ്രകോപിപ്പിച്ചു. അത് തനിക്ക് ആത്മവിശ്വാസം നല്‍കി. ഒരുതരത്തില്‍തന്നെ അസ്വസ്ഥനാക്കിയെന്നും താരം പ്രതികരിച്ചു. ലോകകപ്പില്‍ നോര്‍വെയ്ക്ക് യോഗ്യതനേടാനായിരുന്നു. ഹാലണ്ടിന്റെ സിറ്റിയിലെ സഹതാരങ്ങളായിരുന്ന കെവിന്‍ ഡി ബ്രുയിനെയടക്കമുള്ളവര്‍ ലോകകപ്പില്‍ പങ്കെടുത്തിരുന്നു.


നിലവില്‍ സിറ്റിയുടെ ഗോള്‍മെഷീനായ ഹാളണ്ടിന്റെ വരവ് ഇത്തവണ ചാമ്പ്യന്‍ലീഗ് കിരീടപോരാട്ടത്തിലടക്കം ക്ലബിന് പ്രതീക്ഷ നല്‍കുന്നു. ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നാണ് ഈസീസണില്‍ താരത്തെ ഇംഗ്ലണ്ടിലെത്തിച്ചത്. ഉയരവും പന്തിലേക്ക് കുതിച്ച് ചാടി ഗോളാക്കാനുള്ള മികവും വേഗതയുമെല്ലാം താരത്തിന് അനുകൂലഘടകമാണ്.

ഹാലണ്ട് ഈ ഫോം തുടര്‍ന്നാല്‍ മെസിയുടേയും റൊണാള്‍ഡോയുടേയും ഗോള്‍നേട്ടം ഭാവിയില്‍ മറികടക്കുമെന്ന് ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രുയിനെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ പകുതിയോടടുക്കുമ്പോള്‍ കിരീടപോരാട്ടത്തില്‍ ആഴ്‌സനലാണ് മുന്നില്‍. 15 കളിയില്‍ 40 പോയന്റാണ് ഗണ്ണേഴ്‌സിന്റെ നേട്ടം. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് 15 കളിയില്‍ 35 പോയന്റുണ്ട്. 33പോയന്റുമായി ന്യൂകാസില്‍ യുണൈറ്റഡ് തൊട്ടുപിന്നിലുണ്ട്. ടോട്ടനം നാലാമതും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാമതുമാണ്.

You Might Also Like