ടോട്ടനത്തെയും തോല്‍പിച്ച് പ്രീമിയര്‍ലീഗ് കിരീടത്തിലേക്കോ ഗണ്ണേഴ്‌സ്; കണക്കുകള്‍ പറയുന്നതിങ്ങനെ

2014ന് ശേഷം ടോട്ടന്‍ഹാമിന്റെ ഹോംഗ്രൗണ്ടില്‍ വിജയംകൈവരിക്കാനായത് ആഴ്‌സനലിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. സീസണിലെ ഹോം, എവേമാച്ചില്‍ ആധികാരിക വിജയംനേടിയത് കണക്കുകളിലും ഗണ്ണേഴ്‌സിന് ആത്മവിശ്വാസംനല്‍കുന്നു.ടോട്ടനെത്തെ ഹോമിലും എവേയിലും തോല്‍പിച്ച സീസണില്‍ പ്രീമിയര്‍ലീഗ് കിരീടം നേടിയ ചരിത്രമുണ്ടെന്നതാണ് പ്രതീക്ഷനല്‍കുന്നത്.

ഈ സീസണിലും കിരീടപോരാട്ടത്തില്‍ ബഹുദൂരം മുന്നിലാണ് ആഴ്‌സനല്‍. രണ്ടാംസ്ഥാനത്തുള്ള സിറ്റിയേക്കാള്‍ എട്ട് പോയന്റ് വ്യത്യാസമാണ് ഗണ്ണേഴ്‌സിനുള്ളത്. 2003-04 സീസണിലാണ് അവസാനമായി കിരീടംനേടിയത്. ഒരുമത്സരം പോലും തോല്‍ക്കാതെയായിരുന്നു അന്നത്തെ തേരോട്ടം. ഈ സീസണില്‍ 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതില്‍ ഇതുവരെ ഒരുമാച്ചില്‍മാത്രമാണ് എതിരാളികള്‍ക്ക് കീഴടക്കാനായത്.


ഇന്നലെ നടന്ന നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ്സണല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ടോട്ടന്‍ഹാം ഹോട്സ്പര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്സണല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാമിനെ കീഴടക്കിയത്.ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാഡിന്റെ ഗോളിന് പുറമെ ടോട്ടനം ഹോട്‌സ്പര്‍ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിലൂടെ ആഴ്‌സണലും സെല്‍ഫ് ഗോളും നേടി. ഗോള്‍ സ്‌കോറര്‍ മാര്‍ട്ടിന്‍ ഒഡെഗാഡിനെ കൂടാതെ ഫോര്‍വേഡുകളായ ബുക്കയോ സാക്ക, എഡ്ഡി എന്‍കെറ്റിയ, ഗോള്‍കീപ്പര്‍ ആരോണ്‍ റാംസ്ഡേല്‍ എന്നിവരും മത്സരത്തില്‍ ആഴ്സണലിനായി മികച്ച പ്രകടനം നടത്തി. ഹാരി കെയിന്റെയടക്കം ഗോളെന്നുറപ്പിച്ച മികച്ച ഷോട്ടുകളാണ് ആരോണ്‍ റാംസി രക്ഷപ്പെടുത്തിയത്.


മത്സരത്തിന് ശേഷം സ്റ്റേഡിയത്തില്‍ ആരാധകരുടെ മോശം പെരുമാറ്റവുമുണ്ടായി. പകരക്കാരനായി ഇറങ്ങിയ ബ്രസീല്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ ആഴ്സണല്‍ ഗോള്‍കീപ്പര്‍ റാംസ്ഡെയ്ലുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. മാച്ച് ഒഫീഷ്യലുകളും മറ്റ് ആഴ്സണല്‍ കളിക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ടോട്ടന്‍ഹാം ഹോട്സ്പര്‍ ആരാധകന്‍ ആരോണ്‍ റാംസ്‌ഡേലിനെ കൈയ്യേറ്റംചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി കളിക്കാരെ സ്‌റ്റേഡിയത്തില്‍ നിന്ന് മാറ്റുകയായിരുന്നു.

You Might Also Like