ചെൽസി പുതിയ പരിശീലകനെ കണ്ടെത്തി, ആരാധകർക്ക് സന്തോഷവാർത്ത

ഈ സീസണിൽ ലീഗിലും യൂറോപ്പിലും മോശം പ്രകടനം നടത്തുന്ന ചെൽസി അടുത്ത സീസണിൽ ടീമിനെ നയിക്കാൻ പുതിയ പരിശീലകനെ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. ഈ സീസണിൽ പുറത്താക്കിയ രണ്ടു മാനേജർമാരടക്കം നാല് പേരാണ് ചെൽസിയെ പരിശീലിപ്പിച്ചത്. എന്നിട്ടും യൂറോപ്യൻ ടൂർണമെന്റിന് യോഗ്യത നേടാൻ പോലും ക്ലബിന് കഴിഞ്ഞില്ല.

ടോഡ് ബോഹ്‍ലി നടത്തിയ ശുദ്ധികലശത്തിൽ ആദ്യം പരിശീലകൻ ടുഷെൽ പുറത്തു പോയി. അതിനു ശേഷം ഗ്രഹാം പോട്ടർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചെങ്കിലും അദ്ദേഹവും പുറത്താക്കപ്പെട്ടു. തുടർന്ന് ബ്രൂണോ സാൾട്ടിയർക്ക് താൽക്കാലിക ചുമതല നൽകിയതിന് ശേഷം ഇപ്പോൾ ലംപാർഡ് ഈ സീസൺ അവസാനിക്കുന്നതു വരെ പരിശീലകനായി എത്തിയിട്ടുണ്ട്.

ദി ഗാർഡിയന്റെ റിപ്പോർട്ടുകൾ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ചെൽസിയുടെ ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുകയാണ്. മുൻ ടോട്ടനം, പിഎസ്‌ജി മാനേജരായ മൗറീസിയോ പോച്ചട്ടിനോയുമായി നടത്തുന്ന ആദ്യഘട്ട ചർച്ചകൾ വിജയമാണ്. അവസാന ഘട്ട ചർച്ചകൾ കൂടി വിജയം നേടിയാൽ അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്ക് മൗറീസിയോ പോച്ചട്ടിനോയുടെ തിരിച്ചു വരവുണ്ടാകും.

ടോട്ടനം ഹോസ്പേറിനെ സ്ഥിരമായി ടോപ് ഫോറിലും ഒരിക്കൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും എത്തിച്ചു ശ്രദ്ധേയനായ പരിശീലകനാണ് പോച്ചട്ടിനോ. അതിനു ശേഷം അദ്ദേഹം പിഎസ്‌ജിയിലേക്ക് പോയെങ്കിലും വലിയ വിജയങ്ങൾ സ്വന്തമാക്കാൻ കഴിയാതെ പുറത്താക്കപ്പെട്ടു. ചെൽസിയിലൂടെയും ടീമിലുള്ള വമ്പൻ താരനിരയിലൂടെയും പുതിയ നേട്ടങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

അതേസമയം അവസാന ഘട്ട ചർച്ചകൾ അലസിയാൽ പോച്ചട്ടിനോയെ തഴയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നേരത്തെ എൻറിക്വ, നെഗൽസ്‌മാൻ എന്നിവർ ഇതുപോലെ ടീമിൽ നിന്നും പുറത്തു പോയിരുന്നു. പകരക്കാരായി മറ്റു പരിശീലകരെയും ചെൽസി കണ്ടെത്തിയിട്ടുണ്ട്.

You Might Also Like