ലോകകപ്പിനിടെ ഷമിയുടെ കരിയര്‍ അവസാനിച്ചേനെ. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരം

Image 3
CricketTeam India

2015ല്‍ നടന്ന ഏകദിന ലോകകപ്പില്‍ പൊട്ടലുളള കാല്‍മുട്ടുമായാണ് താന്‍ കളിച്ചതെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഷമിയുടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായിരുന്നു,

‘2015 ലോകകപ്പില്‍ കളിക്കുമ്പോള്‍ എന്റെ കാല്‍മുട്ടിന് പരുക്കുണ്ടായിരുന്നു. ഓരോ മത്സരം കഴിയുമ്പോഴും എനിക്കു നടക്കാന്‍ പോലും ആകുമായിരുന്നില്ല. അന്ന് ബോളിങ് പരിശീലകനായിരുന്ന നിതിന്‍ പട്ടേലിന്റെ ആത്മവിശ്വാസമാണ് ലോകകപ്പ് പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചത്’ ഷമി വെളിപ്പെടുത്തി.

‘ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ എന്റെ കാല്‍മുട്ടിനു പരുക്കേറ്റു. നീരുവച്ചതോടെ ലോകകപ്പിലുടനീളം എന്റെ കാല്‍ത്തുടകള്‍ക്കും കാല്‍മുട്ടിനും ഒരു വണ്ണമായിരുന്നു. ഓരോ ദിവസവും ഡോക്ടര്‍ വന്നു പരിശോധിക്കും. മൂന്നു പെയിന്‍കില്ലര്‍ വരെ കഴിച്ചാണ് കളിക്കാനിറങ്ങിയിരുന്നത്’ ഷമി വിശദീകരിച്ചു.

‘സെമിഫൈനല്‍ പോരാട്ടത്തിനു മുന്നോടിയായി ഇനി അല്‍പം പോലും വേദന സഹിക്കാന്‍ എന്നേക്കൊണ്ട് സാധിക്കില്ലെന്ന് ഞാന്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. പക്ഷേ, എന്റെ കാര്യത്തില്‍ മഹി ഭായിയും ടീം മാനേജ്‌മെന്റും ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ കളിക്കാന്‍ ഇറങ്ങിയത്’ ഷമി പറഞ്ഞു.

‘മത്സരത്തില്‍ ആദ്യ സ്‌പെല്ലില്‍ 13 റണ്‍സ് മാത്രമാണ് ഞാന്‍ വിട്ടുകൊടുത്തത്. ഈ സ്‌പെല്ലിനുശേഷം ഞാന്‍ ഗ്രൗണ്ടില്‍നിന്ന് പോയ. ഇനി ഒട്ടും ബോള്‍ ചെയ്യാന്‍ പറ്റില്ലെന്ന് മഹിയോടു പറഞ്ഞു. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട് ടൈം ബോളര്‍മാരെ ഉപയോഗിക്കാന്‍ നിര്‍വാഹമില്ലെന്നും എങ്ങനെയെങ്കിലും ബോള്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 60 റണ്‍സില്‍ കൂടുതല്‍ വിട്ടുകൊടുക്കാതിരുന്നാല്‍ മതിയെന്നും പറഞ്ഞു. പിന്നീടൊരിക്കലും ഞാന്‍ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ല. അന്ന് കരിയര്‍ അവസാനിച്ചെന്നാണ് ഞാന്‍ കരുതിയത്. എന്നിട്ടും ഇപ്പോഴും ഞാനിതാ, ടീമില്‍ തുടരുന്നു’ ഷമി പറഞ്ഞു.

ലോകകപ്പില്‍ 17 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഷമി.