ഒടുവിൽ വിമർശനങ്ങൾക്ക് മറുപടി, ആദ്യഗോൾ നേടി ടീമിന്റെ തിരിച്ചുവരവിനു കാരണക്കാരനായ പെപ്ര

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏഴു മത്സരങ്ങളിലും ഇറങ്ങിയെങ്കിലും ഒരു ഗോൾ പോലും നേടാൻ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന ക്വാമേ പെപ്രക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗോൾ നേടുക മാത്രമല്ല, തോൽവി ഉറപ്പിച്ചു നിന്നിരുന്ന ടീമിന്റെ തിരിച്ചുവരവിൽ നിർണായക പങ്കു വഹിച്ചത് ഘാന താരമാണ്. ഗോൾ നേടാത്തതിന്റെ പേരിൽ തന്നെ വിമർശിച്ചിരുന്നവർക്കെല്ലാം മറുപടി നൽകാനും താരത്തിനായി.

മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ മുന്നിലെത്തിയ ചെന്നൈയിൻ എഫ്‌സിക്കെതിരെ പതിനൊന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടിയപ്പോൾ അതിനു വേണ്ട പെനാൽറ്റി നേടിക്കൊടുത്തത് പെപ്ര ആയിരുന്നു. ചെന്നൈ താരത്തെ പ്രെസ് ചെയ്‌തു പന്ത് നേടിയെടുത്ത താരം മുന്നേറുന്നതിനിടെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ദിമിത്രിസ് അത് ഗോളാക്കി മാറ്റുകയും ചെയ്‌തു.

അതിനു പിന്നാലെ ചെന്നൈ രണ്ടു ഗോളുകൾ കൂടി നേടിയപ്പോൾ പതറിയ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചു വരാനുള്ള ഊർജ്ജം നൽകിയതും പെപ്ര ആയിരുന്നു. മുപ്പത്തിയെട്ടാം മിനുട്ടിൽ ബോക്‌സിന് പുറത്തു നിന്നുള്ള ഇടംകാൽ ഷോട്ടിലൂടെ താരം സ്‌കോർ 2-3 എന്ന നിലയിലെത്തിച്ചു. ഇതോടെ മത്സരത്തിൽ തിരിച്ചു വരാമെന്ന പ്രതീക്ഷ ടീമിന് വന്നു. രണ്ടാം പകുതിയിൽ തകർപ്പനൊരു ഗോൾ നേടി ദിമിത്രിസ് ടീമിനെ ഒപ്പമെത്തിച്ച് ആ പ്രതീക്ഷ നിറവേറ്റുകയും ചെയ്‌തു.

മത്സരത്തിൽ വിജയം നേടാൻ ഒരു സുവർണാവസരം സൃഷ്ടിക്കാനും പെപ്രക്ക് കഴിഞ്ഞിരുന്നു. രണ്ടാം പകുതിയിൽ പന്ത് നേടിയെടുത്ത താരം അത് ലൂണക്ക് നൽകുമ്പോൾ ഗോൾകീപ്പർ മാത്രമാണ് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ലൂണയുടെ ഷോട്ട് പുറത്തേക്കാണ് പോയത്. ആ ഗോൾ നേടിയിരുന്നെങ്കിൽ പെപ്രയാകുമായിരുന്നു ശരിക്കും ഹീറോ. അതിനു കഴിഞ്ഞില്ലെങ്കിലും ഇന്നലത്തെ മത്സരം താരത്തിന് വലിയ രീതിയിൽ ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

You Might Also Like