ആ കിരീടമില്ലാതെ എന്റെ ക്ലബ് കരിയര്‍ പൂര്‍ണമാകില്ല, തുറന്ന് പറഞ്ഞ് പെപ് ഗ്വാര്‍ഡിയോള

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ പെപ് ഗ്വാര്‍ഡിയോളയെന്ന പരിശീലകന് കീഴില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റി നടത്തുന്നത്. ഇതിനകം നാല് പ്രീമിയര്‍ലീഗ് കിരീടം സ്വന്തമാക്കിയ സംഘം ഈസീസണിലും കിരീടപോരാട്ടത്തില്‍ മുന്നില്‍തന്നെയുണ്ട്.

കഴിഞ്ഞമാസം ക്ലബ് മാനേജ്‌മെന്റ് സ്പാനിഷ് മുന്‍താരവുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വിജയടീമാക്കിമാറ്റിയ കോച്ച് പക്ഷെ ക്ലബിലെ തന്റെ കരിയറില്‍ പൂര്‍ണ്ണ സംതൃപ്തനല്ല. 2016 മുതല്‍ സിറ്റിയെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടംസ്വന്തമാക്കാനായില്ലെന്നതാണ് കാരണം. 2020-21 സീസണില്‍ റണ്ണേഴ്‌സപ്പായതാണ് യു.എസി.എലിലെ മികച്ചനേട്ടം.


അതേസമയം, ബാഴ്‌സലോണ മാനേജറായിരുന്ന കാലയളവില്‍ 2008-09, 2010-11 സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. ഇത്തവണ കിരീടംനേടാനുള്ള കഠിനപ്രയത്‌നത്തിലാണ് ഗ്വാര്‍ഡിയോള. ചാമ്പ്യന്‍സ് ലീഗില്‍ റൗണ്ട് ഓഫ് 16 പ്രവേശനം ഉറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മ്മന്‍ക്ലബ് ആര്‍.ബി ലെയ്പ്‌സിംഗിനെയാണ് നേരിടുക. 2008-12 സീസണില്‍ ബാഴ്‌സലോണയെ പരിശീലിപ്പിച്ച പെപ് ഗ്വാര്‍ഡിയോള സ്പാനിഷ് ക്ലബിനായി നിരവധി കിരീടങ്ങളാണ് നേടികൊടുത്തത്.

2013-2016 സീസണില്‍ ബയേണ്‍ മ്യൂണിക് പരിശീലകനായ 51 കാരന്‍ ജര്‍മ്മന്‍ ക്ലബിനുവേണ്ടിയും കിരീടങ്ങള്‍ നേടിയെടുത്തു. തുടര്‍ന്ന് റെക്കോര്‍ഡ് തുകക്കാണ് ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകനെ മാഞ്ചസ്റ്റര്‍ സിറ്റി കൂടാരത്തിലെത്തിച്ചത്. ലീഗ് കപ്പില്‍ നാളെ പുലര്‍ച്ചെ 1.30ന് ലിവര്‍പൂളിനെ നേരിടാനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ലീഗില്‍ 29ന് ലീഡ്‌സ് യുണൈറ്റഡുമായാണ് അടുത്തമത്സരം. നിലവില്‍ 14 കളിയില്‍ നിന്ന് പത്ത് വിജയവുമായി 32 പോയന്റുമായി പട്ടികയില്‍ രണ്ടാമതാണ് സിറ്റി. 14കളിയില്‍ 12 വിജയവുമായി 37 പോയന്റുള്ള ആഴ്‌സനലാണ് ഒന്നാമത്.

You Might Also Like