ഇന്ത്യ കാരണം ഈ ടീമിന് നഷ്ടം 700 കോടി രൂപ

കായിക ലോകത്ത് ഏറ്റവും ആവേശമുള്ള മത്സരങ്ങളിലൊന്നാണ് ബദ്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്ന ആ മത്സരങ്ങള്‍ തീപാറുന്ന പോരാട്ടങ്ങള്‍ക്കാകും വേദിയാകുക.
എന്നാല്‍ 2008ലെ മുംബൈ ഭീകരാക്രമണം ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധത്തെ ഉലച്ചു. പിന്നീട് ഒരിക്കലും ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ക്രിക്കറ്റ് പരമ്പര ഉണ്ടായിട്ടില്ല. വല്ലപ്പോഴും നടക്കുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ അയല്‍ക്കാര്‍ തമ്മില്‍ മുഖാമുഖം ഏറ്റുമുട്ടാറുളളത്.
ഇന്ത്യയുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വന്തം നാട്ടില്‍ പരമ്പര കളിക്കാന്‍ സാധിച്ചിട്ടില്ലാത്ത പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇത് മൂലം സംഭവിച്ച നഷ്ടത്തിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രണ്ട് പരമ്പരകളായിരുന്നു ഇന്ത്യ പാകിസ്ഥാനില്‍ കളിക്കേണ്ടിയിരുന്നത്. ഇത് പ്രകാരമായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, അഞ്ച് വര്‍ഷത്തേക്കുള്ള തങ്ങളുടെ ബ്രോഡ്കാസ്റ്റിംഗ് അവകാശം വിറ്റത്.
എന്നാല്‍ ഇന്ത്യയെ പാകിസ്ഥാനില്‍ കളിക്കാനെത്തിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയതോടെ ബ്രോഡ്കാസ്റ്റിംഗ് അവകാശം വിറ്റ തുകയില്‍ നിന്ന് 690 കോടിയോളം രൂപ കുറച്ചാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത്.
ടെന്‍ സ്‌പോര്‍ട്‌സും, പിടിവിയുമായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സംപ്രേക്ഷണ കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ ഇന്ത്യയുമായുള്ള പരമ്പര നടക്കാതെ വന്നതോടെ കരാറില്‍ പറഞ്ഞതിനേക്കാള്‍ 690 കോടി രൂപ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കുറച്ച് കൊടുത്താല്‍ മതിയെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.