സ്പെയിനിനെതിരെ നാണംകെട്ട തോൽവി, പരിശീലകന്റെ തീരുമാനത്തെ കളിയാക്കി മെസ്യൂട് ഓസിൽ

സ്പെയിനുമായി നടന്ന നേഷൻസ് ലീഗിലെ നിർണായകമത്സരത്തിൽ ആറു ഗോളിന്റെ നാണംകെട്ട തോൽവിയാണു ജർമനിക്കു വഴങ്ങേണ്ടി വന്നത്. ഒരു സമനില ജർമനിക്ക് സെമി ഫൈനലിലേക്ക് യോഗ്യത നേടിക്കൊടുക്കുമെങ്കിലും സ്പെയിനിന്റെ ആക്രമണത്തിന് മുന്നിൽ ജർമനി മുട്ടുകുത്തുകയായിരുന്നു. ആദ്യമായാണ് ഒരു കോംപറ്റിറ്റിവ് മത്സരത്തിൽ ജർമനി ഇത്രയും ഗോളുകൾ ഒരു മത്സരത്തിൽ വഴങ്ങുന്നത്.

യുവതാരം ഫെറാൻ ടോറസിന്റെ ഹാട്രിക്കും മൊറാട്ട, റോഡ്രി, ഒയാർസബൽ എന്നിവരുടെ ഗോളുകളുമാണ് സ്പെയിനിനു ജർമനിക്കെതിരെ ഗംഭീര വിജയം സമ്മാനിച്ചത്. എന്നാൽ ഈ ദയനീയ തോൽ‌വിയിൽ പരിശീലകനായ ജോകിം ലോക്ക് തന്റെ പ്രതികരണം പരിഹാസരൂപേണ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് മുൻ ജർമൻ അന്താരാഷ്ട്രതാരം മെസ്യൂട് ഓസിൽ.

2018ൽ റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ പുറത്തായ ജർമനിയിൽ ബലിയാടായ ഏക താരമാണ് മെസ്യൂട് ഓസിൽ. സഹതാരങ്ങളായ ജെറോം ബോട്ടെങ്ങിനും തോമസ് മുള്ളർക്കുമെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് തുർക്കി പ്രസിഡന്റിനൊപ്പം ആര്സെനാൽ ജേഴ്‌സി പിടിച്ചു ഫോട്ടോയെടുത്തതിൽ ഒരുപാട് വംശീയ അധിക്ഷേപവും താരത്തിനു നേരെ ഉയർന്നു വന്നിരുന്നു. അതിനു ശേഷമാണ് താരം ജർമനിയിൽ നിന്നും വിരമിക്കുന്നത്.

എന്തായാലും ഇനി ജർമനിയിലേക്ക് ഒരു തിരിച്ചു പോക്കില്ലെങ്കിലും സഹതാരമായ ജെറോം ബോട്ടെങ്ങിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസിൽ. സ്പെയിനിനോടുള്ള നാണംകെട്ട തോൽവിക്കു ശേഷം ജോകിം ലോക്ക് ജെറോം ബോട്ടെങ്ങിനെ ഈ തകർന്ന പ്രതിരോധത്തിലേക്ക് ചേർക്കേണ്ട സമയമാണിതെന്നു ഓസിൽ സോഷ്യൽ മീഡിയയിലൂടെ കുറിക്കുകയായിരുന്നു. സഹതാരത്തെ ഒഴിവാക്കിയതിലുള്ള തിരിച്ചടിയാണ് ലഭിച്ചതെന്ന വ്യംഗ്യമായ പരിഹാസവും ജെറോം ബോട്ടെങ്ങിനെ ടാഗ് ചെയ്ത പോസ്റ്റിൽ വ്യക്തമായിരുന്നു.

You Might Also Like