ശ്രേയസും ഇഷാനും മാത്രമല്ല, ചഹല്‍ ഉള്‍പ്പെടെ ആ അഞ്ച് കൊമ്പന്മാരേയും ബിസിസിഐ പുറത്താക്കി

കഴിഞ്ഞ ദിവസം പുറത്ത് വന്ന ബിസിസിഐ വാര്‍ഷിക കരാര്‍ പല താരങ്ങളുടെ അസാനിദ്ധ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഇതില്‍ ബിസിസിഐയോട് അനുസരണക്കേട് കാട്ടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യരേയും കരാറില്‍ നിന്ന് പുറത്താക്കിയത് വലിയ വാര്‍ത്ത ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇവര്‍ക്ക് പുറമെ ചില വെറ്ററന്‍ താരങ്ങള്‍ക്കും പുതിയ കരാറില്‍ സ്ഥാനം നഷ്ടമായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറെക്കാലം ഇന്ത്യയുടെ വിശ്വസ്ത ബാറ്റര്‍മാരായിരുന്ന ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനയും ആണ് ബിസിസിഐ കരാര്‍ നഷ്ടമായ താരം. ഓപ്പണര്‍ ശിഖര്‍ ധവാന്‍, പേസര്‍ ഉമേഷ് യാദവ്, സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും കരാര്‍ പോയി.

അഞ്ച് താരങ്ങളും നിലവില്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ പരിഗണനയിലുള്ളവര്‍ അല്ല. ഇവരില്‍ ചഹലിന് മാത്രമാണ് ദേശീയ ടീമിലേക്ക് മടങ്ങിവരാന്‍ സാധ്യതയുള്ളത്. ഐപിഎല്‍ 2024 സീസണിലെ പ്രകടനം ഇതിനാല്‍ തന്നെ ചഹലിന് നിര്‍ണായകമാകും.

പൂജാരയേയും രഹാനയേയും ഇനി ടെസ്റ്റിലേക്ക് പരിഗണിക്കില്ല എന്ന് നേരത്തെ തന്നെ ടീം വൃത്തങ്ങള്‍ വ്യക്തമായിരുന്നു. ധവാനും കരിയര്‍ എന്‍ഡ് ഉറപ്പിച്ച് കഴിഞ്ഞ താരമാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ഉമേഷ് യാദവും ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്താണ്.

ബിസിസിഐയുടെ പുതിയ കരാര്‍ പ്രകാരം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് ഗ്രേഡിലുള്ളത്. എ ഗ്രേഡില്‍ രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഗ്രേഡ് ബിയില്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്സ്വാള്‍ എന്നിവരും ഇടംപിടിച്ചു.

ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ട ഗ്രേഡ് സിയില്‍ റിങ്കു സിംഗ്, തിലക് വര്‍മ്മ, റുതുരാജ് ഗെയ്ക്വാദ്, ഷര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്‌ണോയി, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, കെ എസ് ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, രജത് പാടിദാര്‍ എന്നിവരുണ്ട്.

You Might Also Like