കളി തോല്‍പിച്ചത് ഞാനല്ല, ബൗളര്‍മാര്‍, തുറന്നടിച്ച് ഗില്‍

ഐപിഎല്ലില്‍ രണ്ടാം തവണയും ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ തോറ്റമ്പിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ത്രില്ലിംഗ് പോരാട്ടത്തിന് ഒടുവില്‍ നാല് റണ്‍സിനാണ് ഡല്‍ഹിയോട് ഗുജറാത്ത് പൊരുതി വീണത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റിന് 224 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് നേടാനായത്. അവസാന ഓവര്‍വരെ പൊരുതിയാണ് ഗുജറാത്ത് കീഴടങ്ങിയത്.

ഗുജറാത്തിന്റെ തോല്‍വിക്ക് കാരണമായത് നായകന്‍ ശുബ്മാന്‍ ഗില്ലിന്റെ ചില തെറ്റായ തീരുമാനങ്ങളാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. സായ് കിഷോറിനെ 19ാം ഓവറില്‍ മാത്രം ഉപയോഗിച്ചതും 3 ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ സന്ദീപ് വാര്യര്‍ക്ക് നാലാം ഓവര്‍ നല്‍കാതിരുന്നതുമടക്കം ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലെടുത്ത പല വിചിത്രമായ തീരുമാനങ്ങളും ഗുജറാത്തിന്റെ തോല്‍വിക്ക് കാരണമാകുയാണെന്നാണ് ആരോപണം.

എന്നാല്‍ മത്സരശേഷം ടീമിന്റെ തോല്‍വിയില്‍ ബൗളര്‍മാരെയാണ് ശുബ്മാന്‍ പഴിച്ചത്. ഡല്‍ഹിയിലെ ചെറിയ മൈതാനത്ത് ബൗളര്‍മാര്‍ക്ക് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായതെന്നാണ് ഗില്‍ വിലയിരുത്തിയത്. ബൗളര്‍മാര്‍ യോര്‍ക്കര്‍ എറിയാത്തതും പിഴവാണെന്നാണ് ഗില്‍ മത്സരശേഷം പറഞ്ഞത്.

‘ഞങ്ങള്‍ നല്ല ക്രിക്കറ്റാണ് കാഴ്ചവെച്ചത്. എന്നാല്‍ അവസാനം തോല്‍ക്കേണ്ടി വന്നത് നിരാശപ്പെടുത്തുന്നു. എന്നാല്‍ എല്ലാവരും തന്നെ തങ്ങളുടെ കരുത്ത് തെളിയിച്ചു. 224 റണ്‍സ് പിന്തുടരുമ്പോള്‍ അധികം സംസാരിക്കാനില്ല. ആദ്യ പന്ത് മുതല്‍ ആക്രമിക്കുക മാത്രമാണ് ചെയ്യേണ്ടത്’ ഗില്‍ പറഞ്ഞു.

‘വലിയ സ്‌കോറുകളുള്ള മത്സരങ്ങളില്‍ ഇംപാക്ട് പ്ലയര്‍ നിയമത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. ടീമുകള്‍ അധികമായി കരുതിയിരിക്കണം. ഒരു ഘട്ടത്തില്‍ ഡല്‍ഹിയെ 200-210 റണ്‍സിനുള്ളില്‍ തടുക്കാമെന്നാണ് കരുതിയത്. എന്നാല്‍ അവസാന ഓവറുകളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ റണ്‍സ് വഴങ്ങി. എന്നാല്‍ ചെറിയ മൈതാനമായിരുന്നതിനാല്‍ ഇത് പിന്തുടര്‍ന്ന് ജയിക്കാവുന്ന സ്‌കോറായിരുന്നു. പക്ഷെ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ തങ്ങളുടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ യോര്‍ക്കര്‍ എറിയണം’ ഗില്‍ മത്സരശേഷം പറഞ്ഞത്.

 

You Might Also Like