ഫിഫയുടെ ദി ബെസ്റ്റ് പുരസ്‌കാര പട്ടിക; സൗദി ക്ലബിലേക്ക് പോയ ക്രിസ്റ്റിയായ്ക്ക് ഇടമില്ല, ആരാധകര്‍ക്ക് ഞെട്ടല്‍

സൂറിച്ച്: പ്രമുഖതാരങ്ങളെല്ലാം ഇടംപിടിച്ച ഫിഫയുടെ ദി ബെസ്റ്റ് പുരസ്‌കാര പട്ടികയില്‍ നിന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്ത്. അടുത്തിടെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ഒഴിവാക്കി റോണോ സൗദി ക്ലബ് അല്‍-നസറിലേക്ക് റെക്കോര്‍ഡ് തുകക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയെത്തിയ ഫിഫ പട്ടികയില്‍ നിന്നാണ് 37കാരനെ ഒഴിവാക്കിയത്. അര്‍ജന്റീന്‍ സൂപ്പര്‍താരം ലയണല്‍ മെസി പട്ടികയിലുണ്ട്.


ബ്രസീല്‍താരം നെയ്മര്‍, ഫ്രാന്‍സ് യുവതാരം കിലിയന്‍ എംബാപെ, അര്‍ജന്റീനന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാം, റയല്‍താരം കരീം ബെന്‍സേമ, മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ കെവിന്‍ ഡിബ്രൂയ്ന്‍, എര്‍ലിംഗ് ഹാലന്‍ഡ്, മൊറോക്കോ താരം അചറഫ് ഹക്കീമി, പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, സെനഗലിന്റെ സാദിയോ മാനേ, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സലാ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച പുരുഷ താരങ്ങള്‍.
അവസാന രണ്ട് തവണയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. വനിതകളില്‍ നിലവിലെ ജേതാവ് ബാഴ്‌സലോണയുടെ അലക്‌സിയ പ്യൂട്ടെല്ലാസ്, ചെല്‍സിയുടെ സാം കെര്‍, ആഴ്‌സണലിന്റെ ബേത്ത് മീഡ് തുടങ്ങിയവര്‍ ചുരുക്കപ്പട്ടികയിലുണ്ട്. അര്‍ജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലെത്തിച്ച പരിശീലകന്‍ ലിയോണല്‍ സ്‌കലോണി, റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടംനേടികൊടുത്ത കാര്‍ലോ ആഞ്ചലോട്ടി, ഫ്രാന്‍സിനെ തുടര്‍ച്ചയായി രണ്ടാംലോകകപ്പിലും ഫൈനലിലെത്തിച്ച ദിദിയര്‍ ദെഷാപ്‌സ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള, മൊറോക്കോയുടെ വാലിദ് റെഗ്രാഗുയി എന്നിവരാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.


മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരത്തിനായി അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ എമിലിയാനോ മാര്‍ട്ടിനസ്, ബ്രസീലിന്റെ അലിസണ്‍ ബെക്കര്‍, മൊറോക്കോയുടെ യാസീന്‍ ബോനോ, ബെല്‍ജിയംതാരം തിബോത് കോര്‍ത്വ, എഡേഴ്‌സണ്‍ എന്നിവര്‍ ചുരുക്കപ്പട്ടികയിലെത്തി. ഫെബ്രുവരി മൂന്ന് വരെ ഫിഫ വെബ്‌സൈറ്റില്‍ വോട്ട് രേഖപ്പെടുത്താം. വോട്ടിംഗ് നാലായി വിഭജിച്ചിരിക്കുന്നു. ആരാധകര്‍, ദേശീയ ടീമുകളുടെ നായകന്‍മാര്‍, പരിശീലകര്‍, ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകള്‍ എന്നിവര്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം വീതം. ഫെബ്രുവരി ഇരുപത്തിയേഴിനാണ് ഫിഫ ദി ബെസ്റ്റ് ജേതാക്കളെ പ്രഖ്യാപിക്കുക.


ലോകകപ്പില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതാണ് റൊണാള്‍ഡോയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് കാരണമെന്നാണ് പറയുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയും റോണോ പലപ്പോഴും മികച്ചപ്രകടനം പുറത്തെടുത്തില്ല. കഴിഞ്ഞതവണ പട്ടികയില്‍ സ്ഥാനംപിടിച്ചിരുന്ന താരത്തെ ഒഴിവാക്കിയതില്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പ്രതിഷേധവുമയര്‍ത്തുന്നുണ്ട്. റെക്കോര്‍ഡ് തുകക്ക് സൗദി ക്ലബിലെത്തിയ ക്രിസ്റ്റിയാനോ ക്ലബിനുവേണ്ടി ആദ്യമത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ്.

 

You Might Also Like