ഇരുപത്തിയഞ്ചു മുറികളുള്ള വീടും ആഡംബര കാറുകളും, നെയ്‌മർക്ക് ലഭിക്കുന്നത് വമ്പൻ സമ്മാനങ്ങൾ

സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്കുള്ള ട്രാൻസ്‌ഫർ നെയ്‌മർ പൂർത്തിയാക്കി കഴിഞ്ഞു. പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം ക്ലബ് നേതൃത്വവുമായി എന്നും ഇടഞ്ഞു നിന്നിട്ടുള്ള നെയ്‌മറെ ഒഴിവാക്കാൻ അവർക്കും താൽപര്യമുണ്ടായിരുന്നു. പ്രീ സീസൺ കഴിഞ്ഞതോടെ താരം ക്ലബ് വിടണമെന്ന തന്റെ തീരുമാനം അറിയിക്കുകയും പിഎസ്‌ജി അതിനു സമ്മതം മൂളുകയും ചെയ്‌തു അതിനു പിന്നാലെയാണ് അൽ ഹിലാൽ താരത്തിനായി രംഗത്തു വന്നത്.

നെയ്‌മർക്കായി വമ്പൻ ഓഫറുകളാണ് സൗദി അറേബ്യൻ ക്ലബ് നൽകിയിരിക്കുന്നത്. രണ്ടു വർഷത്തെ കരാറിലാണ് താരത്തെ അൽ ഹിലാൽ സ്വന്തമാക്കിയത്. ഈ രണ്ടു വർഷത്തിൽ മുന്നൂറു മില്യൺ യൂറോയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുക. അതിനു പുറമെ അൽ ഹിലാലിന്റെ ഓരോ വിജയത്തിനും എൺപതിനായിരം യൂറോ നെയ്‌മർക്ക് ബോണസായി ലഭിക്കും. അതിനും പുറമെ സൗദിയെ പ്രൊമോട്ട് ചെയ്യുന്ന ഓരോ പോസ്റ്റിനും അഞ്ചു ലക്ഷം യൂറോ വീതവും ബ്രസീലിയൻ താരത്തിന് നൽകും.

രാജകീയമായ സൗകര്യങ്ങളാണ് നെയ്‌മർക്കായി സൗദി അറേബ്യൻ ക്ലബ് ഒരുക്കിയിരിക്കുന്നത്. ഇരുപത്തിയഞ്ചു മുറികളുള്ള ഒരു ആഡംബര വസതി, യാത്ര ചെയ്യാൻ പ്രൈവറ്റ് ജെറ്റ്, എന്നിവക്ക് പുറമെ നിരവധി ആഡംബര കാറുകളും താരത്തിനായി നൽകിയിട്ടുണ്ട്. ഇതിനു പുറമെ താരത്തിനായി മാത്രം പരിചാരകർ, ആഡംബര വസതിയിൽ സ്വിമ്മിങ് പൂൾ, സൗന എന്നിവയെല്ലാം ഉൾപ്പെടുന്നു.

നെയ്‌മർ ട്രാൻസ്‌ഫറിലൂടെ സൗദി അറേബ്യ ഫുട്ബോൾ ലോകത്ത് വലിയ കുതിപ്പാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സൗദിയിലെ പ്രമുഖ ക്ളബുകളിലെല്ലാം യൂറോപ്പിലെ വമ്പൻ താരങ്ങൾ നിറഞ്ഞിരിക്കുന്നു. റൊണാൾഡോ, നെയ്‌മർ, ബെൻസിമ, ഫിർമിനോ, മാനെ തുടങ്ങിയവരെല്ലാം അതിൽ ഉൾപ്പെടുന്നു. ഇതോടെ സൗദി ലീഗിന് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധയും ലഭിക്കുന്നുണ്ട്.

You Might Also Like